M V Govindan: ‘പോറ്റിക്ക് സോണിയ ഗാന്ധിയുടെ അപ്പോയ്മെന്റ് നൽകിയത് ആരാണ്? ആ വാർത്ത കേട്ടതോടെ യുഡിഎഫ് എസ്ഐടിക്കെതിരായി’; എം.വി. ഗോവിന്ദൻ
MV Govindan On Sabarimala Gold Case: ആരാണോ ഉത്തരവാദി അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും കുറ്റവാളികള്‍ ആരായാലും അവരെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടിയോ സര്‍ക്കാരോ സ്വീകരിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
കൊച്ചി: ശബരിമല സ്വർണക്കാെള്ള കേസിൽ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി വിളിപ്പിക്കുമെന്ന വാർത്ത വന്നതോടെ യുഡിഎഫ് നിലപാട് മാറ്റിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേസിൽ സിപിഎം മുൻപെടുത്ത നിലപാടിൽ തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അയ്യപ്പന്റെ ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ പാടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ആരാണോ ഉത്തരവാദി അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും കുറ്റവാളികള്‍ ആരായാലും അവരെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടിയോ സര്‍ക്കാരോ സ്വീകരിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പലരെയും അറസ്റ്റും ചോദ്യവും ചെയ്യുന്നുണ്ട്. ഹൈക്കോടതി നിശ്ചയിച്ച എസ്‌ഐടി സംഘമാണ് അന്വേഷണം നടത്തുന്നത്. നേരത്തെ യുഡിഎഫ് എസ്ഐടി അന്വേഷണത്തെ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ അന്വേഷണം അവരുടെ നേർക്ക് തിരിഞ്ഞപ്പോൾ നിലപാട് മാറ്റുകയാണെന്നും എസ്‌ഐടിയില്‍ സംശയമുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Also Read:ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിന്റെ മൊഴി രേഖപ്പെടുത്താൻ നോട്ടീസ് നൽകും
അടൂര്‍ പ്രകാശിന്റെ നേര്‍ക്ക് നീളുന്നു എന്നു കണ്ടപ്പോഴാണ് ഈ അവസരവാദപരമായ നിലപാടുമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ എസ്‌ഐടി അന്വേഷണത്തെ പിന്തുണച്ച് ആഹ്ലാദഭരിതരായിരുന്ന യുഡിഎഫ്, ഇപ്പോള്‍ അന്വേഷണം അവരുടെ നേര്‍ക്ക് തിരിഞ്ഞപ്പോള്‍ നിലപാട് മാറ്റുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. സ്വര്‍ണ്ണക്കൊള്ള ഫലപ്രദമായി അന്വേഷിക്കുന്നത് തടയാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ഇടപെടലാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി അടക്കം സോണിയ ഗാന്ധിയെ പല പ്രാവശ്യം സന്ദർശിക്കുകയും സമ്മാനം കൊടുക്കുന്നതുമായ ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. ബെല്ലാരിയിലെ സ്വർണ വ്യാപാരിയും ഒപ്പമുണ്ടായിരുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ആന്റോ ആന്റണി എംപിയും അക്കൂട്ടത്തിലുണ്ടായിരുന്നു. ആരാണ് ഇവർക്ക് സോണിയ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് വാങ്ങിക്കൊടുത്തത് എന്ന് മുഖ്യമന്ത്രി തന്നെ ചോദിച്ചു. ഇത് പ്രധാനപ്പെട്ട കാര്യമാണെന്നും എന്നാൽ അതിനെക്കുറിച്ച് യുഡിഎഫ് നേതാക്കൾ മിണ്ടുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.