Nehru trophy boat race 2025: മാവേലിക്കരക്കാരെ തവിടു കൊടുത്തു മേടിച്ചതാണോ ? നെഹ്രുട്രോഫി അവധി വിവാദത്തിൽ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി എംഎൽഎ
Nehru Trophy Boat Race 2025 Holiday Row: പൊതു ഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയിരിക്കുകയാണെന്നും, ജലോത്സവ ദിനം ആലപ്പുഴ ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് പൊതു ഭരണ വകുപ്പിൽ നിന്നും ഉത്തരവ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.

Nehru Trophy Boat Race Holiday Issue
മാവേലിക്കര: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 30 ന് നടക്കും. വള്ളംകളി ഇങ്ങെത്തിയതോടെ അവധി വിവാദവും പൊടിപൊടിക്കുകയാണ്. ആലപ്പുഴയിലെ ചില താലൂക്കുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ച് ഇന്നലെ കളക്ടറുടെ പോസ്റ്റും ഉത്തരവും എത്തിയതോടെയാണ് വിവാദങ്ങളും ചർച്ചകളും ആരംഭിച്ചത്.
അവധി ലഭിച്ച താലൂക്കുകളുടെ പട്ടികയിൽ മാവേലിക്കര താലൂക്ക് ഇല്ല എന്നതാണ് ഇതിന് കാരണം. തുടർന്ന് ജനങ്ങളുടെ പ്രതിഷേധം ഏറ്റെടുത്ത് മാവേലിക്കര എം എൽ എ എം എസ് അരുൺകുമാർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ദേശീയ അന്തർദേശീയ പ്രശസ്തിയുള്ള നെഹ്റു ട്രോഫി ജലോത്സവം ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ സംഘടിപ്പിക്കുന്നത് ശനിയാഴ്ച ആണെന്നും നെഹ്റു ട്രോഫി ജലോത്സവം ആരംഭിച്ച കാലം മുതൽ അന്നേദിവസം ആലപ്പുഴ ജില്ലയ്ക്ക് അവധി പ്രഖ്യാപിക്കാറുണ്ട് എന്നും കത്തിൽ പറയുന്നു.
എന്നാൽ പൊതു ഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയിരിക്കുകയാണെന്നും, ജലോത്സവ ദിനം ആലപ്പുഴ ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് പൊതു ഭരണ വകുപ്പിൽ നിന്നും ഉത്തരവ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.
എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് കത്ത് പുറത്ത് വന്നത്. ഇതിന് താഴെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. മാവേലിക്കരക്കാരുടെ പ്രതിഷേധം…. ലീവിനായി അതിനായി കട്ടക്ക് നിൽക്കുന്ന ഞങ്ങളുടെ മാവേലിക്കര എം എൽ എ എം എസ് അരുൺകുമാർ അഭിവാദ്യങ്ങൾ എന്നാണ് ഒരാൾ പ്രതികരിച്ചിരിക്കുന്നത്. മാവേലിക്കരക്കാർ ഇല്ലാതെ എന്ത് നെഹ്റു ട്രോഫി അല്ല പിന്നെ… ഇന്ന് മറ്റൊരാളും പ്രതികരിക്കുന്നു. അഭിമാന നിമിഷം എന്നാണ് മറ്റൊരു പ്രതികരണം. എന്തായാലും അവധി ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഈ താലൂക്കിലുള്ളവർ.