Pantry Car Employee Arrest: ചില്ലറ ചോദിച്ചതിന് പിന്നാലെ തർക്കം, യാത്രക്കാരൻ്റെ മേൽ തിളച്ച വെള്ളം ഒഴിച്ചു; പാൻട്രികാർ ജീവനക്കാരൻ അറസ്റ്റിൽ
Netravati Express Pantry Car Employee Arrest: അഭിഷേകിൻ്റെ കൈയിലുണ്ടായിരുന്ന കുടിവെള്ളം രാത്രിയോടെ തീർന്നപ്പോൾ മറ്റൊരു കുപ്പിവെള്ളം വാങ്ങുന്നതിനായാണ് പാൻട്രികാറിലേക്ക് പോയത്. എന്നാൽ യുവാക്കൾ 200 രൂപ നൽകിയപ്പോൾ 15 രൂപ കൊണ്ട് വരാൻ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ യുവാക്കളും പാൻട്രികാർ ജീവനക്കാരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു.

പാൻട്രികാർ ജീവനക്കാനായ രാഗവേന്ദ്ര സിങ്
തൃശ്ശൂർ: യാത്രക്കാരന്റെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ച് സംഭവത്തിൽ പാൻട്രികാർ ജീവനക്കാരൻ അറസ്റ്റിൽ (Pantry Car Employee Arrest). നേത്രാവതി എക്സ്പ്രസിലെ ജീവനക്കാരനാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്സ്പ്രസിൽ ഇന്നലെയാണ് സംഭവം നടക്കുന്നത്. നേത്രാവതിയിൽ യാത്ര ചെയ്യുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിനാണ് ജീവനക്കാരൻ്റെ അതിക്രമത്തിൽ പൊള്ളലേറ്റത്.
പാൻട്രികാർ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊർണൂർ റെയിൽവേ പോലീസാണ് അറസ്റ്റ് ചെയ്തത്. അഭിഷേക് ബാബു സുഹൃത്തുക്കൾക്കൊപ്പം തൃശൂരിലെ മറ്റൊരു സൂഹൃത്തിൻ്റെ വീട്ടിലേക്ക് വരുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. അഭിഷേകിൻ്റെ കൈയിലുണ്ടായിരുന്ന കുടിവെള്ളം രാത്രിയോടെ തീർന്നപ്പോൾ മറ്റൊരു കുപ്പിവെള്ളം വാങ്ങുന്നതിനായാണ് പാൻട്രികാറിലേക്ക് പോയത്. എന്നാൽ യുവാക്കൾ 200 രൂപ നൽകിയപ്പോൾ 15 രൂപ കൊണ്ട് വരാൻ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ യുവാക്കളും പാൻട്രികാർ ജീവനക്കാരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. പിന്നീട് സീറ്റിൽ തിരിച്ചെത്തിയപ്പോൾ പാൻട്രികാറിനകത്ത് കണ്ണടയും തൊപ്പിയും മറന്നു വച്ച കാര്യം ഓർമ്മ വന്ന യുവാക്കൾ തിരികെ വീണ്ടും അവിടേക്ക് പോയി. അത് വാങ്ങാൻ ചെന്നപ്പോൾ രാവിലെ തരാം എന്നായിരുന്നു ജീവനക്കാരൻ്റെ മറുപടി. എന്നാൽ പിറ്റേന്ന് രാവിലെ കണ്ണടയും തൊപ്പിയും ആവശ്യപ്പെട്ടപ്പോഴും അവ തിരികെ നൽകാൻ അവർ കൂട്ടാക്കിയില്ല.
പിന്നാലെ പാൻട്രികാർ ജീവനക്കാരനായ രാഗേവേന്ദ്ര സിങ്ങ് സ്റ്റീൽ ബക്കറ്റിൽ തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് യുവാക്കൾ സംഭവം റെയിൽവേ പോലീസിനെ വിളിച്ച് അറിയിച്ചു. ട്രെയിൻ തൃശൂർ എത്തിയപ്പോൾ പാൻട്രി കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിഷേക് ബാബുവിൻ്റെ മുതുകിനും, കാലിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.