Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 48 മണിക്കൂർ നീണ്ട ഡ്രൈ ഡേ എന്നുമുതലെന്ന് അറിയാം
48-Hour 'Dry Day' Declared Across Constituency: വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ നിലമ്പൂർ നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള എല്ലാ മദ്യവിൽപനശാലകളും അടച്ചിടും.

നിലമ്പൂർ: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് ദിവസം ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം, വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെയുള്ള 48 മണിക്കൂറാണ് ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതനുസരിച്ച്, വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ നിലമ്പൂർ നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള എല്ലാ മദ്യവിൽപനശാലകളും അടച്ചിടും. ബാറുകൾ, ബിവറേജസ് ഔട്ട്‌ലെറ്റുകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ എല്ലാത്തരം മദ്യവിൽപന കേന്ദ്രങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. വോട്ടെടുപ്പ് സുഗമവും സമാധാനപരവുമാക്കാൻ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.
വോട്ടർമാർക്ക് സ്വതന്ത്രമായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഡ്രൈ ഡേ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം, വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മദ്യവിൽപന നിരോധിക്കാറുണ്ട്.
ഇന്ന് വെെകുന്നേരത്തോടെ മൂന്ന് മുന്നണികളും നിലമ്പൂർ ടൗണിൽ കൊട്ടിക്കലാശം നടത്തി. കനത്ത മഴ പോലും വകവെക്കാതെയാണ് അണികൾ ആവേശത്തിൽ പങ്കുചേർന്നത്. പിവി അൻവർ കൊട്ടിക്കലാശത്തിൽ നിന്ന് ഒഴിഞ്ഞുനിന്നു. അദ്ദേഹം വീടുകൾ കയറിയിറങ്ങി വോട്ടഭ്യർത്ഥിക്കുകയായിരുന്നു.
19 നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. വൈകുന്നേരം ആറ് മണിക്ക് ശേഷം നിലമ്പൂരിന് പുറത്തുനിന്നെത്തിയ രാഷ്ട്രീയപ്രവർത്തകർ പുറത്തുപോകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. അനധികൃതമായി സംഘം ചേരുന്നതിനും പൊതുയോഗം സംഘടിപ്പിക്കുന്നതിനുമൊക്കെ ഇനി വിലക്കാണ്. മൈക്കിലൂടെയുള്ള അനൗൺസ്‌മെൻ്റും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ അറിയിപ്പുകളും പരസ്യങ്ങളും അനുവദിക്കില്ലെന്നു നേരത്തെ അറിയിച്ചിരുന്നു.