AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nilambur By Election 2025: മഴ പോലും വകവെക്കാതെ അണികൾ; നിലമ്പൂരിൽ കൊട്ടിക്കലാശം, വിട്ടുനിന്ന് പിവി അൻവർ

Kottikkalasham In Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു. വൈകുന്നേരം ആറ് മണിയോടെയാണ് കൊട്ടിക്കലാശം നടന്നത്.

Nilambur By Election 2025: മഴ പോലും വകവെക്കാതെ അണികൾ; നിലമ്പൂരിൽ കൊട്ടിക്കലാശം, വിട്ടുനിന്ന് പിവി അൻവർ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്Image Credit source: Screengrab
abdul-basith
Abdul Basith | Published: 17 Jun 2025 19:32 PM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. വൈകുന്നേരത്തോടെ മൂന്ന് മുന്നണികളും നിലമ്പൂർ ടൗണിൽ കൊട്ടിക്കലാശം നടത്തി. കനത്ത മഴ പോലും വകവെക്കാതെയാണ് അണികൾ ആവേശത്തിൽ പങ്കുചേർന്നത്. പിവി അൻവർ കൊട്ടിക്കലാശത്തിൽ നിന്ന് ഒഴിഞ്ഞുനിന്നു. അദ്ദേഹം വീടുകൾ കയറിയിറങ്ങി വോട്ടഭ്യർത്ഥിക്കുകയായിരുന്നു. ഈ മാസം 19നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക.

മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. ആര്യാടൻ ഷൗക്കത്തിലൂടെ ഇത്തവണ നിലമ്പൂർ തിരികെപിടിക്കാമെന്നാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടൽ. ആര്യാടൻ മുഹമ്മദിൻ്റെ കോട്ടയായിരുന്ന നിലമ്പൂർ മകനെയും സ്നേഹിക്കുമെന്ന് യുഡിഎഫ് കരുതുന്നത്. പ്രിയങ്ക ഗാന്ധിയെ അടക്കം കളത്തിലിറക്കിയുള്ള പ്രചാരണത്തിൻ്റെ ഫലം കാണാനാവുമെന്നും മുന്നണി പ്രതീക്ഷിക്കുന്നു. സംസ്ഥാനത്താകെയുള്ള ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ കഴിയുമെന്നും പതിനയ്യായിരം വോട്ടിൻ്റെയെങ്കിലും ഭൂരിപക്ഷം ലഭിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പ്രതീക്ഷിക്കുന്നുണ്ട്.

യുഡിഎഫിൻ്റെ വെല്ലുവിളി സ്വീകരിച്ച് എം സ്വരാജ് എന്ന കരുത്തനായ സ്ഥാനാർത്ഥിയെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. സ്വരാജിന് പൊതുജനമധ്യത്തിൽ നിന്ന് ലഭിച്ച പിന്തുണയിൽ മുന്നണി പ്രതീക്ഷവെക്കുന്നുണ്ട്. മുഖ്യമന്ത്രിയടക്കമുള്ളവർ മണ്ഡലത്തിൽ പ്രചാരണത്തിന് സജീവമായിരുന്നു. അതുകൊണ്ട് തന്നെ സ്വരാജിലൂടെ മണ്ഡലം പിടിയ്ക്കാമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ. ഈ ആവേശം കൊട്ടിക്കലാശത്തിലും കാണാനായി.

Also Read: Nilambur By Election 2025: നിലമ്പൂരില്‍ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍; ഇന്ന് കൊട്ടിക്കലാശം

പുതിയ അധ്യക്ഷന് കീഴിൽ ബിജെപിയുടെ ആദ്യ തിരഞ്ഞെടുപ്പാണിത്. മറ്റ് മുന്നണികൾ പോലെ വിജയസാധ്യതയില്ലെങ്കിലും മറ്റ് വിജയഫലങ്ങളിൽ തങ്ങളുടെ വോട്ടുകൾക്ക് നിർണായക സ്ഥാനമുണ്ടെന്ന് ബിജെപി മനസിലാക്കുന്നുണ്ട്. രാഷ്ട്രീയക്കളമില്ലെങ്കിലും വീണ്ടും നിലമ്പൂർ കീഴടക്കാമെന്ന ആത്മവിശ്വാസമാണ് പിവി അൻവറിനുള്ളത്. തൃണമൂൽ ദേശീയ നേതാവും ക്രിക്കറ്റ് താരവുമായ യൂസുഫ് പഠാൻ അടക്കമുള്ളവർ അൻവറിനായി മണ്ഡലത്തിലെത്തിയിരുന്നു.

വൈകുന്നേരം ആറ് മണിക്ക് ശേഷം നിലമ്പൂരിന് പുറത്തുനിന്നെത്തിയ രാഷ്ട്രീയപ്രവർത്തകർ പുറത്തുപോകണമെന്ന് നിർദ്ദേശമുണ്ട്. അനധികൃതമായി സംഘം ചേരുന്നതിനും പൊതുയോഗം സംഘടിപ്പിക്കുന്നതിനുമൊക്കെ ഇനി വിലക്കാണ്. മൈക്കിലൂടെയുള്ള അനൗണ്‍സ്‌മെൻ്റും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ അറിയിപ്പുകളും പരസ്യങ്ങളും അനുവദിക്കില്ല.