Nipah Outbreak Kerala: പാലക്കാടിന് പിന്നാലെ കോഴിക്കോട് മരിച്ച പതിനെട്ടുകാരിയുടെ സാമ്പിളും പോസിറ്റീവ്
Nipah Outbreak In Kozhikode: ഈ മാസം ഒന്നിനാണ് 18 വയസുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവച്ച് മരണത്തിന് കീഴടങ്ങുന്നത്. കോഴിക്കോട്ട് എത്തുമ്പോഴേക്കും പെൺകുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചിരുന്നു. കഴിഞ്ഞ മാസം 28-ന് ആണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷങ്ങളോടെ ചികിത്സയ്ക്കെത്തിയത്.

Nipah
കോഴിക്കോട്: സംസ്ഥാനം വീണ്ടും നിപ (Nipah) ഭീതിയിൽ. കോഴിക്കോട് മസ്തിഷ്‌ക മരണം സംഭവിച്ച പതിനെട്ടുകാരിക്ക് നിപ ബാധയെന്ന് സംശയം. മലപ്പുറം മങ്കട സ്വദേശിനിയായ പെൺകുട്ടിയ്ക്കാണ് കഴിഞ്ഞ ദിവസം മസ്തിഷ്കമരണം സംഭവിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴുള്ള പ്രാഥമിക പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കൂടുതൽ സ്ഥിരീകരണത്തിനായി കുട്ടിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ഈ മാസം ഒന്നിനാണ് 18 വയസുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവച്ച് മരണത്തിന് കീഴടങ്ങുന്നത്. കോഴിക്കോട്ട് എത്തുമ്പോഴേക്കും പെൺകുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചിരുന്നു. കഴിഞ്ഞ മാസം 28-ന് ആണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷങ്ങളോടെ ചികിത്സയ്ക്കെത്തിയത്. കോഴിക്കോട്ടെ വൈറോളജി ലാബിൽ നടത്തിയ പരിശോധനാഫലമാണ് നിലവിൽ പോസിറ്റീവായിരിക്കുന്നത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറൻ്റൈനിൽ കഴിയുകയാണ്.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38-കാരിക്കും നിപ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ കണ്ടെത്തിയത്. നിലവിൽ യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുകയാണ്.
ഈ മാസം ഒന്നിനാണ് പനിയും ശ്വാസതടസ്സവുമായി യുവതിയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിയത്. രോഗിയുടെ സ്രവം പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് ഫലം ലഭ്യമായേക്കുമെന്നാണ് വിവരം.