AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nipah virus: നിപ; ഹൈറിസ്‌ക് പട്ടികയിൽ 4 ജില്ലക്കാർ, 37 പേർ പുതുതായി സമ്പർക്ക പട്ടികയിൽ

Nipah Virus Cases: നിലവിൽ നിപ പോസിറ്റീവായി ചികിത്സയിലുള്ള വളാഞ്ചേരി സ്വദേശിക്ക് വെള്ളിയാഴ്ച ഒരു ഡോസ് മോണോ ക്ലോണൽ ആന്റിബോഡി നൽകിയിരുന്നു. ഇന്ന് (ശനിയാഴ്ച) ഒരു ഡോസ് കൂടി നൽകും.

Nipah virus: നിപ; ഹൈറിസ്‌ക് പട്ടികയിൽ 4 ജില്ലക്കാർ, 37 പേർ പുതുതായി സമ്പർക്ക പട്ടികയിൽ
പ്രതീകാത്മക ചിത്രംImage Credit source: Social Media
Nandha Das
Nandha Das | Published: 10 May 2025 | 09:56 PM

മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പർക്ക പട്ടികയിലെ എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച പുതുതായി 37 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. പെരിന്തൽമണ്ണ ആശുപത്രിയുമായി ബന്ധപ്പെട്ട ഇവരെല്ലാവരും പ്രാഥമിക സമ്പർക്കത്തിൽ പെട്ടവരാണ്.

നിലവിൽ ആകെ 94 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ ഹൈറിസ്‌ക് വിഭാഗത്തിൽ മലപ്പുറം ജില്ലയിൽ നിന്നും 40 പേരും പാലക്കാട് ജില്ലയിൽ നിന്ന് 11 പേരും, എറണാകുളം കോഴിക്കോട് ജില്ലയിൽ നിന്നും ഓരോരുത്തരും വീതം ഉൾപ്പെടുന്നു. ആകെ 53 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിൽ ഉള്ള. ലോ റിസ്ക് വിഭാഗത്തിൽ 41 പേരും ഉണ്ട്.

നിലവിൽ നിപ പോസിറ്റീവായി ചികിത്സയിലുള്ള വളാഞ്ചേരി സ്വദേശിക്ക് വെള്ളിയാഴ്ച ഒരു ഡോസ് മോണോ ക്ലോണൽ ആന്റിബോഡി നൽകിയിരുന്നു. ഇന്ന് (ശനിയാഴ്ച) ഒരു ഡോസ് കൂടി നൽകും. യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. നിലവിൽ ആറ് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ രണ്ടു പേർ ഐസിയുവിലാണ്.

ALSO READ: ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ഒരു രോഗിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അവർ ഉൾപ്പെടെയാണ് രണ്ടു ഐസിയു കേസുകൾ. നിപ പോസിറ്റീവായ ഒരാൾ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലും നാലു പേർ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളെജിലുമാണ് ചികിത്സയിൽ ഉള്ളത്.

അതേസമയം, വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലയിൽ ജോയിന്റ് ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചിട്ടുണ്ട്. ഇന്ന് 1781 വീടുകളിൽ പനി സർവേയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരെത്തിയതായി മന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്ന് 52 പേരുമായി ഫോണിൽ ബന്ധപ്പെട്ടതിൽ മൂന്ന് പേർക്ക് മാനസിക പിന്തുണ നൽകുകയും ചെയ്‌തെന്ന് മന്ത്രി പറഞ്ഞു.