AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nursing Student Death Case: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവന്റെ മരണം; അധ്യാപകർക്ക് വീഴ്ച സംഭവിച്ചെന്ന് അന്വേഷണസമിതി റിപ്പോർട്ട്

Nursing Student Death Case: കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനഞ്ചിനാണ് ചുട്ടിപ്പാറ സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലെ നാലാം വർഷ വിദ്യാർഥിനിയായിരുന്ന അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.

Nursing Student Death Case: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവന്റെ മരണം; അധ്യാപകർക്ക് വീഴ്ച സംഭവിച്ചെന്ന് അന്വേഷണസമിതി റിപ്പോർട്ട്
അമ്മു സജീവൻ
nithya
Nithya Vinu | Published: 11 Jun 2025 09:43 AM

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണത്തില്‍ അധ്യാപകരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് ( സിപാസ് ) നിയോ​ഗിച്ച അന്വേഷണസമിതിയുടെ റിപ്പോർട്ടിലാണ് അധ്യാപകരുടെ വീഴ്ച ചൂണ്ടിക്കാണിക്കുന്നത്.

കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് അമ്മു കടന്ന് പോയതെന്നും അമ്മുവിനെ മോഷണക്കേസില്‍ കുടുക്കി കള്ളിയാക്കാന്‍ ശ്രമിച്ചുവെന്നും സിപാസ് കണ്ടെത്തി. പ്രതികളില്‍ ഒരാളായ അഷിത അമ്മുവിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അമ്മുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്‍ അബ്ദുല്‍ സലാം കൃത്യസമയത്ത് നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

ALSO READ: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, നാളെ മുതൽ ഓറഞ്ച് അലേർട്ടും

കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനഞ്ചിനാണ് ചുട്ടിപ്പാറ സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലെ നാലാം വർഷ വിദ്യാർഥിനിയായിരുന്ന അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചു. പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് പത്തനംതിട്ട കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.