Onam Bumper 2025 Winner: ‘500 രൂപ ഇല്ലാത്തതിനാൽ ബമ്പറെടുക്കാറില്ലായിരുന്നു, ഇന്ന് മുതൽ ജോലിക്ക് പോകും’: കോടിപതിയായ ശരത് എസ് നായർ
Onam Bumper Winner Sarath S Nair: താൻ ബമ്പറെടുത്തത് ആദ്യമായാണെന്ന് ഓണം ബമ്പർ നേടിയ ശരത് എസ് നായർ. ഇന്ന് മുതൽ തന്നെ താൻ ജോലിക്ക് പോകുമെന്നും ശരത് പറഞ്ഞു.
കോടിപതിയായെങ്കിലും ജോലി രാജിവെക്കില്ലെന്ന് ഓണം ബമ്പർ നേടിയ ശരത് എസ് നായർ. ഒരു ദിവസത്തെ അവധിയാണ് എടുത്തിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ തന്നെ ജോലിക്ക് പോകുമെന്നും ആലപ്പുഴ ചേർത്തല സ്വദേശിയായ ബമ്പർ ജേതാവ് ശരത് എസ് നായർ പറഞ്ഞു. മാതൃഭൂമി ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
500 രൂപ മാറ്റിവെക്കാൻ കഴിയാത്തതിനാൽ ഇതുവരെ ബമ്പർ ടിക്കറ്റെടുത്തിട്ടില്ല എന്ന് ശരത് പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതിനിടയിലാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചെന്ന വാർത്ത അറിഞ്ഞത്. അതുകൊണ്ട് തന്നെ ഇത്തവണ ഒരെണ്ണം എടുത്തേക്കാമെന്ന് വിചാരിച്ചു. ടിക്കറ്റെടുത്തപ്പോൾ ഒന്നാം സമ്മാനം അടിയ്ക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ചെറിയ ഭാഗ്യക്കുറികൾ എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ സമ്മാനമടിച്ചിട്ടില്ലെന്നും ശരത് പറഞ്ഞു.




ബമ്പറടിച്ചെങ്കിലും ഒന്നിനും ഒരു മാറ്റവുമുണ്ടാവില്ല. ചൊവ്വാഴ്ച മുതൽ ജോലിക്ക് പോയിത്തുടങ്ങും. 12 വർഷമായി ഇവിടെ ജോലി ചെയ്യുകയാണ്. ഒരു ദിവസത്തെ അവധിയെടുത്താണ് വന്നത്. ആരോടും ഒന്നും പറഞ്ഞിരുന്നില്ല. കുടുംബവീടിനോട് ചേർന്ന് മൂന്ന് വർഷം മുൻപ് വച്ച വീടിന് കടബാധ്യതയുണ്ട്. വായ്പ തിരിച്ചടയ്ക്കണം. അച്ഛന് നല്ല ചികിത്സ നൽകണമെന്നും ശരത് പറഞ്ഞു.
ഓൺലൈൻ മാധ്യമങ്ങളിൽ ഫലം വന്നപ്പോൾ ജോലിസ്ഥലത്തായിരുന്നു. സ്ഥാപനത്തിന് അടുത്തുള്ള കടയിൽ നിന്നാണ് ടിക്കറ്റെടുത്തത്. സംശയം തോന്നി ഭര്യ അപർണയെ വിളിച്ച് വിവരം പറഞ്ഞു. ബമ്പർ ടിക്കറ്റിൻ്റെ നമ്പർ താനെടുത്ത ടിക്കറ്റിൻ്റേത് തന്നെയാണോ എന്ന് ഉറപ്പുവരുത്തി. സഹോദരൻ രഞ്ജിത്തിനോടും വിവരം പറഞ്ഞു. രണ്ട് ദിവസം രഹസ്യമായി സൂക്ഷിച്ച ശരത് തിങ്കളാഴ്ച രാവിലെ അവധിയെടുത്ത് തുറവൂർ എസ്ബിഐയിലെത്തി ടിക്കറ്റ് കൈമാറി. അവിടെനിന്നും ഉറപ്പ് ലഭിച്ചതോടെ ശരത് തന്നെ മാധ്യമങ്ങളെ വിവരമറിയിക്കുകയായിരുന്നു.