Child Death: മലപ്പുറത്ത് ഒരുവയസുകാരന്റെ മരണം; ജീവനെടുത്തത് മാതാപിതാക്കളുടെ അശാസ്ത്രീയ ചികിത്സ?
Malappuram one year old boy death: ഒരു ഡോക്ടർ വീട്ടിൽ എത്തി മരണം സ്ഥിരീകരിച്ചുവെന്നും ശേഷം കുഞ്ഞിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയെന്നും അടക്കം വ്യത്യസ്ത കാര്യങ്ങളാണ് ബന്ധുക്കൾ ഉദ്യോഗസ്ഥരോട് പറയുന്നത്.
മലപ്പുറം: കോട്ടയ്ക്കലിൽ ഒരു വയസ് പ്രായമുള്ള കുഞ്ഞിന്റെ മരണം ചികിത്സ നൽകാത്തതിനാലെന്ന് ആരോപണം. മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞിന് മതിയായ ചികിത്സ നൽകിയില്ലെന്ന് പരാതി ഉയർന്നു. മലപ്പുറം കോട്ടയ്ക്കൽ പാങ്ങ് സ്വദേശികളായ ഹിറ ഹറീറയുടെയും നവാസിന്റെയും മകൻ എസൻ എർഹനാണ് മരിച്ചത്.
അതേസമയം ആരോപണങ്ങൾ കുഞ്ഞിന്റെ ബന്ധുക്കൾ തള്ളിക്കളഞ്ഞു. സംഭവത്തിൽ വ്യക്തത വരുത്താൻ മലപ്പുറം ഡിഎംഒ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുഞ്ഞിന്റെ മാതാപിതാക്കളുടെ വീട്ടിലെത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മൊഴി എടുത്തു. പിതാവ് നവാസ് കാടാമ്പുഴ പൊലീസ് സ്റ്റേഷനിൽ മൊഴി കൊടുക്കാൻ പോയിരിക്കുകയാണെന്നും മാതാവ് ആരോടും സംസാരിക്കാവുന്ന അവസ്ഥയിലുമല്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റുള്ള ബന്ധുക്കളോട് ചോദിക്കുമ്പോൾ വ്യത്യസ്ത കാര്യങ്ങളാണ് പറയുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ALSO READ: മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു; മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും, ജാഗ്രത
കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മതിയായ ചികിത്സ ലഭിച്ചിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. കുഞ്ഞിന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരാണന്നും റിപ്പോർട്ടുണ്ട്.
കുഞ്ഞ് പാൽ കുടിച്ച് കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നും മഞ്ഞപ്പിത്തം ഇല്ലായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഒരു ഡോക്ടർ വീട്ടിൽ എത്തി മരണം സ്ഥിരീകരിച്ചുവെന്നും ശേഷം കുഞ്ഞിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയെന്നും അടക്കം വ്യത്യസ്ത കാര്യങ്ങളാണ് ബന്ധുക്കൾ ഉദ്യോഗസ്ഥരോട് പറയുന്നത്.