Operation Fuego Marino: ഇനി കേരളത്തിൽ വ്യാജ ഡീസൽ വാഴില്ല, ഓപ്പറേഷൻ ഫുവേഗോ മറീനോ എത്തും പിടികൂടാൻ
Inspect fake diesel production and sales: ചില തീരദേശ ഡീസൽ പമ്പുകൾ വഴിയും അനധികൃത യാർഡുകൾ വഴിയുമാണ് ഈ വ്യാജ ഡീസൽ വിതരണം ചെയ്യുന്നത്. തുച്ഛമായ വിലയുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ഡീസൽ, യഥാർത്ഥ ഡീസലിന്റെ വിലയിൽ നിന്ന് ഒന്നോ രണ്ടോ രൂപ മാത്രം കുറച്ച് വിറ്റ് വൻ ലാഭമാണ് ഈ സംഘം നേടുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ഡീസലിന്റെ നിർമ്മാണം ശ്രദ്ധയിൽ പെട്ടതിനേ തുടർന്ന് കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. വ്യാജന്മാരുടെ ഉത്പാദനവും വിതരണവും തടയാൻ കർശന നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത് സംസ്ഥാന ജി.എസ്.ടി. വകുപ്പാണ്. ‘ഓപ്പറേഷൻ ഫുവേഗോ മറീനോ’ എന്ന പേരിൽ വ്യാജ ഡീസൽ നിർമ്മാണ, വിൽപ്പന കേന്ദ്രങ്ങളിൽ വ്യാപക പരിശോധനകൾ തുടങ്ങിക്കഴിഞ്ഞു എന്നാണ് വിവരം. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതിലേറെ കേന്ദ്രങ്ങളിൽ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ് നടത്തുന്നത്.
കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എഞ്ചിനുകൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന വ്യാജ ഡീസൽ മുമ്പ് മറ്റ് സംസ്ഥാനങ്ങളിലാണ് വ്യാപകമായിരുന്നത്. എന്നാൽ, ഈ സംഘങ്ങൾ ഇപ്പോൾ കേരളത്തിലേക്ക് തങ്ങളുടെ വിപണി വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ്. ആദ്യഘട്ടത്തിൽ മത്സ്യബന്ധന ബോട്ടുകൾക്കാണ് ഇവർ വ്യാജ ഡീസൽ വിതരണം ചെയ്തിരുന്നത്.
Also read – യുവാവും പതിനേഴുകാരിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു, ജീവനൊടുക്കിയത് ബൈക്കിൽ ഒരുമിച്ചെത്തിയവർ
ചില തീരദേശ ഡീസൽ പമ്പുകൾ വഴിയും അനധികൃത യാർഡുകൾ വഴിയുമാണ് ഈ വ്യാജ ഡീസൽ വിതരണം ചെയ്യുന്നത്. തുച്ഛമായ വിലയുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ഡീസൽ, യഥാർത്ഥ ഡീസലിന്റെ വിലയിൽ നിന്ന് ഒന്നോ രണ്ടോ രൂപ മാത്രം കുറച്ച് വിറ്റ് വൻ ലാഭമാണ് ഈ സംഘം നേടുന്നത്. ഇത് പൂർണ്ണമായും നികുതി വെട്ടിച്ചുള്ള അനധികൃത കച്ചവടമാണ്.
ഈ ശൃംഖലയിൽപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് പരിശോധനകൾ നടക്കുന്നത്. വ്യാജ ഡീസൽ വിറ്റ പമ്പുകൾക്കെതിരെയും ഇത് ഉപയോഗിച്ച ബോട്ടുടമകൾക്കെതിരെയും അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും, ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു. വ്യാപാരികളും പൊതുജനങ്ങളും വ്യാജ ഇന്ധനം വാങ്ങുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.