Suresh Gopi: ‘ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണോയെന്ന് ആശങ്ക’; സുരേഷ് ഗോപിയെ പരിഹസിച്ച് ബിഷപ്പ്
Bishop Youhannan Milithios Mocks Suresh Gopi: തൃശൂർക്കാർ ഡൽഹിയിലേക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നും പോലീസിനെ അറിയിക്കണോ എന്നാണ് ആശങ്കയെന്നുമാണ് മാർ യൂഹാനോൻ മിലിത്തോസ് പറഞ്ഞത്.

മാർ യൂഹാനോൻ മിലിത്തിയോസ്, സുരേഷ് ഗോപി
തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസ്. തൃശൂർക്കാർ ഡൽഹിയിലേക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നും പോലീസിനെ അറിയിക്കണോ എന്നാണ് ആശങ്കയെന്നുമാണ് മാർ യൂഹാനോൻ മിലിത്തോസ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു പരോക്ഷ വിമർശനം.
‘ഞങ്ങൾ തൃശൂരുക്കാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്ന് ആശങ്ക” എന്നാണ് മാർ യൂഹാനോൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചത്. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിലായ സംഭവത്തിൽ സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. കൂടാതെ, അതിന് ശേഷം ഒഡീഷയിലും ബിഹാറിലും ഉൾപ്പടെ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകൾ അതിക്രമം നടത്തിയ സംഭവങ്ങളിലും കേന്ദ്ര മന്ത്രി പ്രതികരിച്ചിരുന്നില്ല.
മാർ യൂഹാനോൻ മിലിത്തിയോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയെ പരിഹസിച്ചുകൊണ്ട് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷവും വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. എന്നാൽ, ബിജെപിയുടെ കേരള നേതൃത്വം ഉൾപ്പടെ കന്യാസ്ത്രീകൾക്ക് അനുകൂല നിലപാടുമായി രംഗത്തെത്തിയിരുന്നു. ബിജെപിയുടെ കേരള പ്രതിനിധികളായ അനൂപ് ആൻറണി അടക്കമുള്ളവർ ഛത്തീസ്ഗഡ് സന്ദർശിക്കുകയും ചെയ്തിരുന്നു.
നേരത്തേ, ലോകസഭ വിജയത്തിന് ശേഷം ലൂർദ് മാതാ പള്ളിയിലെത്തി സുരേഷ്ഗോപി മാതാവിന് സ്വർണക്കൊന്ത സമ്മാനിച്ചിരുന്നു. അതിന് മുൻപ് മകളുടെ വിവാഹത്തിന് മുന്നോടിയായി അദ്ദേഹം കുടുംബ സമേതം എത്തി ലൂർദ് മാതാവിന് സ്വർണക്കിരീടം സമ്മാനിച്ചത് വിവാദമായിരുന്നു. നേർച്ചയുണ്ടായിരുന്നു എന്നാണ് അന്ന് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. തൃശൂരിലെ ക്രൈസ്തവരുമായി നല്ല ബന്ധം പുലർത്തിയിരുന്ന സുരേഷ് ഗോപി ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ മൗനം പാലിച്ചതാണ് സഭാനേതൃത്വത്തിന് നീരസം ഉണ്ടാക്കിയത്.