Padiyoor Double Murder Case: പടിയൂര്‍ ഇരട്ടക്കൊലപാതക കേസ്; പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍
Padiyoor Double Murder Case Suspect Prem Kumar Found Dead: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ വിശ്രമകേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
തൃശൂർ: പടിയൂരിൽ രണ്ടാം ഭാര്യയെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറുച്ചി സ്വദേശിയായ പ്രേംകുമാറിനെയാണ് ഉത്തരാഖണ്ഡിലെ കേദാർനാഥിൽ വിശ്രമകേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
ഇരട്ടക്കൊലപാതകത്തിൽ ഇയാൾക്കായി ഡൽഹിയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. മരിച്ചത് പ്രേംകുമാറാണെന്ന് ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു. ഡൽഹിയിലുള്ള അന്വേഷകസംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.
തൃശൂര്‍ പടിയൂർ പഞ്ചായത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി ( 74), മകള്‍ രേഖ (43) എന്നിവരെയാണ് പ്രേംകുമാർ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രേംകുമാറിനെ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ബുധനാഴ്ച രാത്രി ഫൊറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രേംകുമാര്‍ എഴുതിയ ഭീഷണിക്കത്തും കുറെ ചിത്രങ്ങളും കണ്ടെത്തിയിരുന്നു.
Also Read:വനിതാ പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഒളി ക്യാമറയിൽ പകർത്തി; പോലീസുകാരൻ അറസ്റ്റിൽ
ഇയാൾ 2019-ൽ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രേം കുമാര്‍ ജാമ്യത്തിലിറങ്ങി. അഞ്ച് മാസം മുൻപാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ രേഖയെ വിവാഹം കഴിച്ചത്.