Kochi Ship Accident: പൊതുഖജനാവിലെ പണം എന്തിനെടുക്കണം? കപ്പൽ കമ്പനി നഷ്ടപരിഹാരം തരട്ടെ; ഹൈക്കോടതി
Kochi MSC Elsa 3 Ship Accident: മത്സ്യമേഖലയ്ക്കും പരിസ്ഥിതി മേഖലയ്ക്കും ഉണ്ടാക്കുന്ന നഷ്ടങ്ങൾ നിരത്തി കപ്പൽ കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനും സംസ്ഥാനത്തിനും സംഭവത്തിൽ അവർക്കെതിരെ കേസെടുക്കാമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊച്ചി: കൊച്ചി തീരത്തിനടുത്ത് ലൈബീരിയൻ ചരക്കുകപ്പലായ എൽസ-3 മുങ്ങിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. കപ്പൽ കമ്പനിക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അതിൽ യാതൊരു ഉപേക്ഷയും പാടില്ലെന്നും കോടതി സർക്കാരിനോട് വ്യക്തമാക്കി. മത്സ്യത്തൊഴിലാളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കപ്പൽ കമ്പനിക്കെതിരെ സംസ്ഥാന സർക്കാർ കേസെടുത്തത്. അതും അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ട ശേഷം.
കപ്പൽ മുങ്ങിയതിനെത്തുടർന്ന് സംസ്ഥാനത്ത് തീരമേഖലകളിൽ ഉണ്ടായ മലിനീകരണം നിയന്ത്രിക്കുന്നതിന് പൊതുഖജനാവിൽനിന്ന് എന്തിനാണ് പണം ചെലവാക്കുന്നതെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സംഭവത്തിൽ കപ്പൽ കമ്പനിയിൽനിന്ന് തന്നെ നഷ്ടപരിഹാര തുക ഈടാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
നിലവിൽ കപ്പൽ അപകടത്തിന് പിന്നാലെയുണ്ടായ ഓയിൽ ചോർച്ചയടക്കമുള്ള മലിനീകരണം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികളാണ് ചെലവിടുന്നത്. ഇത് പൊതുഖജനാവിൽ നിന്നെടുക്കുന്ന തുകയാണ്. കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ ഇടപെട്ടിരിക്കുന്നത്. സംസ്ഥാന തീരത്തോട് ചേർന്നുണ്ടായ രണ്ട് കപ്പലപകടങ്ങളുടെയും പശ്ചാത്തലത്തിൽ കൃത്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
ഏതൊക്കെ തരത്തിലാണ് കപ്പൽ കമ്പനിയിൽനിന്ന് സർക്കാർ നഷ്ടപരിഹാരം ഈടാക്കാൻ ആലോചിക്കുന്നത് എന്ന കാര്യം കോടതിയെ അറിയിക്കണം. മത്സ്യമേഖലയ്ക്കും പരിസ്ഥിതി മേഖലയ്ക്കും ഉണ്ടാക്കുന്ന നഷ്ടങ്ങൾ നിരത്തി കപ്പൽ കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനും സംസ്ഥാനത്തിനും സംഭവത്തിൽ അവർക്കെതിരെ കേസെടുക്കാമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.