Rapper Vedan: രാജ്യം ഭരിക്കുന്നയാൾ ‘കപടദേശവാദി’; വേടനെതിരെ എൻഐഎയ്ക്ക് പരാതി
BJP councilor complaint against Rapper Vedan: മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. അഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ 'വോയ്സ് ഓഫ് വോയ്സ്ലെസ്' എന്ന പാട്ടിൽ കപടദേശവാദി നാട്ടിൽ, വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി തുടങ്ങിയ പരാമർശങ്ങളുണ്ടായിരുന്നു.

റാപ്പർ വേടൻ
പാലക്കാട്: റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ. പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാട്ടി പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത്.
മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. അഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ ‘വോയ്സ് ഓഫ് വോയ്സ്ലെസ്’ എന്ന പാട്ടിൽ കപടദേശവാദി നാട്ടിൽ, വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി തുടങ്ങിയ പരാമർശങ്ങളുണ്ടായിരുന്നു.
ജാതി അടിസ്ഥാനത്തിലുള്ള സമൂഹഭിന്നതയാണ് വേടന്റെ പാട്ടിലൂടെ നടത്തുന്നതെന്നും കൗൺസിലർ ആരോപിച്ചു. കലാകാരന് സമൂഹത്തെ സ്വാധീനിക്കാൻ കഴിയും. ലക്ഷക്കണക്കിന് പേർ പാട്ട് ആസ്വദിക്കാൻ എത്തുമ്പോൾ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക എന്നിവയൊന്നും ശരിയല്ല. ഏത് ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിലും ഇത് അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും പരാതിയിൽ പറയുന്നു.