Pappanji burning Kochi: ബൈ ബൈ 2025, ആർപ്പു വിളികളോടെ പാപ്പാഞ്ഞിമാരെ കത്തിച്ചു, കൊച്ചിൻ കാർണിവൽ റാലി ഇന്ന്
Cochin Carnival ends with a vibrant rally : വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയുടെ പല ഭാഗങ്ങളിലായി നിർമ്മിച്ച പപ്പാഞ്ഞിമാരെയും അർദ്ധരാത്രിയോടെ എരിച്ചു.

Cochin Carnival
കൊച്ചി: ഫോർട്ട്കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും കൂറ്റൻ പപ്പാഞ്ഞിമാർ എരിഞ്ഞടങ്ങിയപ്പോൾ, പതിനായിരങ്ങളെ സാക്ഷിയാക്കി 2026-ലേക്ക് കൊച്ചി ചുവടുവെച്ചു. പാട്ടും നൃത്തവും ആർപ്പുവിളികളുമായി പോയ വർഷത്തിന് വിട നൽകി ജനലക്ഷങ്ങൾ പുതുവർഷത്തെ വരവേറ്റു. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി പപ്പാഞ്ഞിക്ക് തീ കൊളുത്തി.
ഗാലാ ഡി ഫോർട്ട്കൊച്ചിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ വിനയ് ഫോർട്ട് പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കി. വൈകിട്ട് 9 മണിയോടെ തന്നെ കൊച്ചിയിലേക്ക് ജനപ്രവാഹം ആരംഭിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയുടെ പല ഭാഗങ്ങളിലായി നിർമ്മിച്ച പപ്പാഞ്ഞിമാരെയും അർദ്ധരാത്രിയോടെ എരിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ
- കൂറ്റൻ തിരക്ക് നിയന്ത്രിക്കാൻ പോലീസ് വിപുലമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
- നിരീക്ഷണ ക്യാമറകളും പ്രത്യേക പോലീസ് സേനയെയും വിന്യസിച്ചു.
Also read – മെട്രോ നിയന്ത്രണങ്ങളും പോലീസ് കാവലും, പ്രധാനനഗരങ്ങൾ 2026-നെ വരവേറ്റത് സുരക്ഷകളോടെ
- വിദേശ സഞ്ചാരികൾക്കായി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി.
- ബിഒടി പാലം, ഇടക്കൊച്ചി ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണവും റോഡരികിൽ പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തിയിരുന്നു.
ഇന്ന്: വർണാഭമായ കാർണിവൽ റാലി
കൊച്ചിൻ കാർണിവലിന് സമാപനം കുറിച്ചുകൊണ്ടുള്ള വിപുലമായ കാർണിവൽ റാലി ഇന്ന് വൈകിട്ട് 4 മണിക്ക് വെളി മൈതാനത്തിന് സമീപത്ത് നിന്ന് ആരംഭിക്കും. നിശ്ചല ദൃശ്യങ്ങൾ, കേരളീയ കലാരൂപങ്ങൾ, പ്രച്ഛന്ന വേഷധാരികൾ, വാദ്യമേളങ്ങൾ ഇതിൽ അണിനിരക്കും. തുടർന്ന് റാലി പരേഡ് മൈതാനത്ത് സമാപിക്കും. പിന്നാലെ പൊതുസമ്മേളനവും ആവേശം പകരാൻ ഡിജെ (DJ) സംഗീത പരിപാടിയും അരങ്ങേറും.