Vizhinjam Port: ‘കല്ലിട്ടിട്ട് കാര്യമില്ലല്ലോ’; വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത് സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൽ: പിണറായി വിജയൻ
Pinarayi Vijayan On Vizhinjam Port: സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം രണ്ടിനാണ് വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുക.

പിണറായി വിജയൻ
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത് സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പുതിയ ഒരു യുഗത്തിൻ്റെ തുടക്കമാണ്. അസാധ്യമെന്ന് കരുതിയ പലതും സ്വന്തമാക്കിയ ഒൻപത് വർഷങ്ങളാണ് കടന്നുപോയത് എന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം രണ്ടിനാണ് വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുക. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും.
പ്രകടപത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ച് രാജ്യത്തിന് മാതൃകയായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. ഇടത് സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ എല്ലാ മലയാളിക്കുമുള്ള സമ്മാനമാണ് ഇത്. വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ ലോക മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമായി കേരളം മാറും. ഇന്ത്യയിലെ വ്യാപാരത്തിന് ആഗോളതലത്തിൽ നിർണായക സ്ഥാനം നൽകുന്ന പുതിയ യുഗത്തിൻ്റെ ആരംഭമാണിത്. എൽഡിഎഫ് സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി നാടിനുള്ളതാണ്. അതിൽ തർക്കിക്കേണ്ടതില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്തെന്ന ചാരിതാർത്ഥ്യം ഞങ്ങൾക്കുണ്ട്. കല്ലിട്ടതുകൊണ്ട് കാര്യമില്ല. കപ്പൽ ഓടുന്ന അവസ്ഥയിലെത്തിയത് ഇപ്പോഴാണല്ലോ. ഈ സർക്കാരിൻ്റെയോ അതിന് മുൻപുള്ള സർക്കാരിൻ്റെയോ കണ്ടെത്തലല്ല, വിഴിഞ്ഞം പദ്ധതി. കഴിഞ്ഞ ഒൻപത് വർഷം നിർണായകമായിരുന്നു. ഈ കാലത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്തു. അത് ക്രെഡിറ്റ് നേടാനല്ല, നാട് മുന്നോട്ട് പോകുന്നതിനായാണ് ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.