Pothencode Sudheesh Murder Case: തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസ്; 11 പ്രതികൾക്കും ജീവപര്യന്തം
Pothencode Sudheesh Murder Case Verdict: പിന്തുടർന്നെത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് സുധീഷിനെ വെട്ടുകയായിരുന്നു. സമീപ വീടുകളിലും ഇവർ ആക്രമണം നടത്തി.
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം. ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. നെടുമങ്ങാട് എസ്ഇഎസ്ടി കോടതിയുടേതായിരുന്നു വിധി. പിഴ തുകയിൽ നിന്നും ഒരു ലക്ഷം രൂപ സുധീഷിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ അധികമായി അഞ്ചുവർഷം കൂടി തടവ് അനുഭവിക്കണം.
കഴിഞ്ഞ ദിവസമാണ് സുധീഷ് വധക്കേസിൽ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ 11 പ്രതികൾക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2021 ഡിസംബർ 11നാണു കേസിനാസ്പദമായ സംഭവം. മരിച്ച സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം കേസിൽ ഒന്നാം പ്രതിയായ ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെയും അമ്മയ്ക്കുനേരെ പടക്കമെറിഞ്ഞതിന്റെയും വൈരാഗ്യത്തിലായിരുന്നു ആക്രമണം നടന്നത്. ഇതിന് പിന്നാലെ ഒളിവിൽ പോയിരുന്ന സുധീഷ് സംഭവ ദിവസം അക്രമികളെ കണ്ട് ഭയന്നോടി ബന്ധുവായ സജീവിന്റെ വീട്ടിലേക്കു കയറി.
സുധീഷിനെ പിന്തുടർന്നെത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് ഇയാളെ വെട്ടുകയായിരുന്നു. സമീപ വീടുകളിലും ഇവർ ആക്രമണം നടത്തി. പക തീരാതെ സുധീഷിന്റെ വലതുകാൽ വെട്ടിയെടുത്തശേഷം പ്രതികൾ ബൈക്കിൽ ആഹ്ലാദപ്രകടനം നടത്തുകയും. തുടർന്ന് കല്ലൂർ ജംക്‌ഷനിൽ വെച്ച് കാൽ റോഡിലേക്കെറിഞ്ഞു.
ALSO READ: അഡ്വക്കേറ്റ് ബിഎ ആളൂർ അന്തരിച്ചു, വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു
തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും വഴിയാണു സുധീഷ് മരിച്ചത്. ഒട്ടകം രാജേഷിന്റെ നേതൃത്വത്തിൽ സംഘം ആക്രമിച്ചതെന്ന് സുധീഷ് പോലീസിന് മൊഴി നൽകിയിരുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട ക്വട്ടേഷനാണ് ഇരുസംഘങ്ങളും തമ്മിലുള്ള ആക്രമണത്തിന് ഇടയായതെന്നും പോലീസ് തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.