Petrol Pump Toilet: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറി ഇനി പൊതുജനങ്ങൾ ഉപയോഗിക്കരുത്; ഹൈക്കോടതി
Kerala High Court On Private Petrol Pump Toilet Usage : സ്വകാര്യ പെട്രോൾ പമ്പ് ഉടമകൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്. പൊതുജനങ്ങൾക്ക് സൗജന്യമായി ശുചിമുറി ഉപയോഗിക്കാൻ അനുമതി നൽകണം എന്ന് നേരത്തെ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.

കൊച്ചി: കേരളത്തിലെ സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് സംസ്ഥാന ഹൈക്കോടതി. പെട്രോൾ പമ്പിലെ ശുചിമുറികളിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിന് സൗകര്യം ഒരുക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാപനം സ്വകാര്യപമ്പുകൾക്ക് ബാധകമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ വിജ്ഞാപനം പൊതുമേഖല എണ്ണ കമ്പനികളുടെ പമ്പുകൾക്ക് മാത്രമാണ് ബാധകമെന്നും ജസ്റ്റിസ് സി എസ് ഡയസ് ഉത്തരവിട്ടു.
സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ സംഘടനം സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്. പൊതുജനങ്ങൾക്ക് സൗജന്യമായി ശുചിമുറി ഉപയോഗിക്കാൻ അനുമതി നൽകണം എന്ന് നേരത്തെ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് തങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കും എന്നും ശുചിമുറികളുടെ അറ്റകുറ്റപ്പണികൾക്ക് വലിയ ചെലവ് വരും എന്നും ചൂണ്ടിക്കാട്ടിയാണ് സ്വകാര്യപമ്പ് ഉടമകൾ കോടതിയെ സമീപിച്ചത് .
ഈ വിധിയിലൂടെ പൊതുജനങ്ങൾക്ക് പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്നതിൽ ഇനി നിയന്ത്രണങ്ങൾ വരും. ഇത് പ്രത്യേകിച്ചും ദീർഘദൂര യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. അപരിചിതർക്ക് യാതൊരു നിയന്ത്രണവുമില്ലാതെ പമ്പിനകത്തേക്ക് പ്രവേശനം നൽകുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പമ്പുടമകൾ വാദിച്ചു. പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ളത് സ്വകാര്യ ശുചിമുറിയാണ്, ഇത് പൊതുശുചിമുറിയാക്കുമ്പോൾ സ്വത്തവകാശത്തിൻ്റെ ലംഘനമാണെന്നുള്ള പമ്പുടമകളുടെ വാദവും കോടതി അംഗീകരിച്ചു.
കൂടാതെ സ്വച്ഛ്ഭാരത് മിഷൻ്റെ മാർഗനിർദേശങ്ങൾ ഹാജരാക്കാൻ കോടതി തിരുവനന്തപുരം കോർപ്പറേഷനോട് ആവശ്യപ്പെടുകയും ചെയ്തു. സ്വച്ഛ് ഭാരത് മിഷൻ്റെ ഭാഗമായിട്ടാണ് സംസ്ഥാന സർക്കാരും തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെയുള്ള ചില തദ്ദേശ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിലെ ടോയിലറ്റുകൾ പൊതുശുചിമുറിയാക്കാൻ ഉത്തരവിട്ടത്. ഇത് തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരിക്കുന്നത്.