5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

PV Anvar : ‘മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുന്നു; പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു’; ഇനി ഹൈക്കോടതിയിൽ കാണാമെന്ന് പിവി അൻവർ

PV Anvar MLA Criticizes Pinarayi Vijayan : മുഖ്യമന്ത്രി തന്നെ കുറ്റവാളിയാക്കുകയാണെന്ന് പിവി അൻവർ എംഎൽഎ. വാർത്താസമ്മേളനത്തിലാണ് സിപിഎമ്മിനും പിണറായി വിജയനുമെതിരെ പിവി അൻവർ ആഞ്ഞടിച്ചത്. പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നും അൻവർ പറഞ്ഞു.

PV Anvar : ‘മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുന്നു; പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു’; ഇനി ഹൈക്കോടതിയിൽ കാണാമെന്ന് പിവി അൻവർ
പിവി അൻവർ (Image Credits – PTI)
Follow Us
abdul-basithtv9-com
Abdul Basith | Published: 26 Sep 2024 18:38 PM

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രി തന്നെ ചതിച്ചു എന്നും ഉന്നയിച്ച വിഷയങ്ങളില്‍ രക്ഷപ്പെടാന്‍ മുഖ്യമന്ത്രി തന്നെ കുറ്റവാളിയാക്കുകയാണെന്നും അൻവർ വിമർശിച്ചു. പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പരാതികളുമായി ഇനി ഹൈക്കോടതിയിലേക്ക് പോകുമെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം ലംഘിച്ചായിരുന്നു അൻവർ മാധ്യമങ്ങളെ കണ്ടത്.

തൻ്റെ പരാതികളിൽ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് അൻവർ കുറ്റപ്പെടുത്തി. എസ്പി ഓഫീസിലെ മരംമുറി കേസിലും സ്വർണം പൊട്ടിക്കൽ കേസിലും എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയും നടക്കുന്ന അന്വേഷണങ്ങൾ കാര്യക്ഷമമല്ല. മുഖ്യമന്ത്രി തന്നെ കുറ്റവാളിയാക്കാൻ ശ്രമിക്കുന്നു. തനിക്ക് കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന തരത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. പി ശശിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു. പി ശശിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പാർട്ടി സെക്രട്ടറിയും പറഞ്ഞു. പാർട്ടിയിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നു. ഇന്നലത്തോടെ ആ വിശ്വാസവും ഇല്ലാതായി.

Also Read : PV Anwar : ഉപദേശകർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; പി ശശിയ്ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം: പിവി അൻവർ

ഡിഐസി കോണ്‍ഗ്രസിലേക്ക് പോയത് മുതല്‍ താൻ സിപിഎമ്മുമായി സഹകരിക്കുന്നുണ്ട്. ഇവിടെ നിന്ന് തന്നെ പിടിച്ചുകൊണ്ടുപോകുമോ എന്നറിയില്ല. എംആർ അജിത് കുമാറെന്ന നൊട്ടോറിയസ് ക്രിമിനൽ അതും ചെയ്യും. അജിത് കുമാർ എഴുതിക്കൊടുത്ത കഥയും തിരക്കഥയും മുഖ്യമന്ത്രി വായിക്കുകയാണ്. തൻ്റെ പിന്നാലെ പോലീസുണ്ട്. ഇന്നലെ രാത്രിയും വീടിനടുത്ത് പോലീസുകാരുണ്ടായിരുന്നു. രാത്രി രണ്ട് മണിക്കാണ് താൻ ഇന്നലെ കിടന്നത്. താൻ ഉന്നയിച്ച കാര്യങ്ങളെപ്പറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയോട് ചോദിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല. പരാതിയുമായി ഹൈക്കോടതിയെ സമീപിക്കും.

എട്ടുമാസം മുൻപ് മുഖ്യമന്ത്രിയെ കണ്ടപ്പോൾ പി ശശിയും എഡിജിപിയും ചതിക്കുമെന്ന് താൻ പറഞ്ഞു. 2021ൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവം കാരണമായിരുന്നു. കത്തിജ്വലിക്കുന്ന സൂര്യനായിരുന്നു അദ്ദേഹം പക്ഷേ, ആ സൂര്യൻ കെട്ടുപോയെന്ന് അദ്ദേഹം പോലും അറിയുന്നില്ല. അദ്ദേഹത്തിൻ്റെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യത്തിലേക്കിറങ്ങി. നാട്ടിൽ നടക്കുന്നത് അദ്ദേഹം അറിയുന്നില്ല. 30 ശതമാനം വരെയുള്ള സാധാരണക്കാർക്കും കമ്മ്യൂണിസ്റ്റുകാർക്കും അദ്ദേഹത്തോട് വെറുപ്പാണ്. പി ശശിയാണ് എല്ലാത്തിനും കാരണമെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും പിവി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊളിറ്റിക്കൽ സെക്രട്ടറി പി ശശി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല എന്നായിരുന്നു അൻവറിൻ്റെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ നിലപാട്. അങ്ങനെ ആര് പറഞ്ഞാലും അത് അവജ്ഞയോടെ തള്ളിക്കളയുമെന്നും ശശിയുടെ കാര്യത്തിൽ ഒരു തരത്തിലുള്ള പരിശോധനയുടെയും ആവശ്യമില്ല എന്നും അദ്ദേഹം നിലപാടെടുത്തു.

Also Read : Suresh Gopi : മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റം; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ്

നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനാണ് ശശി അവിടെയുള്ളത്. അല്ലാതെ അൻവറോ മറ്റാരെങ്കിലുമോ നൽകുന്ന പരാതിയിൽ നടപടിയെടുക്കാനല്ല. അങ്ങനെ നടപടിയെടുത്താൽ ശശിയെന്നല്ല, ആർക്കും ആ ഓഫീസിലിരിക്കാനാവില്ല. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും അൻവർ ആവശ്യപ്പെട്ടെങ്കിൽ ശശി അത് ചെയ്തിട്ടുണ്ടാവില്ല. വ്യക്തി വിരോധം വച്ച് എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ നടപടിയെടുക്കാനാവില്ല. കോൺഗ്രസിൽ നിന്നാണ് അൻവർ സിപിഎമ്മിൽ എത്തിയത്. അൻവറിൻ്റെ പശ്ചാത്തലം ഇടതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശകർ തെറ്റിദ്ധരിപ്പിച്ചു എന്ന് പിവി അൻവർ എംഎൽഎ ആരോപിച്ചു. തെറ്റിദ്ധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റമുണ്ടാവുമെന്ന് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പോലീസിൻ്റെ മനോവീര്യം തകർക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു. സുജിത് ദാസിൻ്റെ കോൾ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടത് തെറ്റായിരുന്നു. പക്ഷേ, തനിക്ക് മുന്നിൽ മറ്റ് വഴിയില്ലാത്തതിനാലായിരുന്നു. ഇപ്പോഴും ആ സംഭാഷണത്തിൻ്റെ പൂർണരൂപം താൻ പുറത്തുവിട്ടിട്ടില്ല. കോൾ റെക്കോർഡ് പുറത്തുപോയതുകൊണ്ടാണ് ഇത്രയെങ്കിലും സാധിച്ചത്. പി ശശിയ്ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

 

 

Latest News