PV Anvar: ജനങ്ങൾക്കിടപെടാനുള്ള എല്ലാ വാതിലും കൊട്ടിയടച്ച ഭരണം; മുഖ്യമന്ത്രിയേയും പാർട്ടിയേയും വെല്ലുവിളിച്ച് അൻവർ
PV Anvar Speech At Nilambur: കേരളം നിലവിൽ സ്ഫോടകാസ്പദമായ അവസ്ഥയിലാണ്. പോലീസിലെ 25 ശതമാനം പേരും ക്രിമിനൽവൽക്കരിക്കപ്പെട്ടു. മുഖ്യമന്ത്രി സ്വർണ്ണക്കടത്തിൽ തന്നെ കുറ്റക്കാരനാക്കുക്കയാണ് ചെയ്തത്. കരിപ്പൂർ വഴി കഴിഞ്ഞ മൂന്ന് വർഷമായി സ്വർണ്ണക്കടത്ത് നടക്കുന്നുണ്ടെന്നും അൻവർ ആരോപിച്ചു.

മലപ്പുറം: പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിവി അൻവർ എംഎൽഎ (pv anvar speech at nilambur). സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധവും അദ്ദേഹം യോഗത്തിൽ ആരോപിച്ചു. പോലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കള്ളനായി ചിത്രീകരിച്ചെന്ന് അൻവർ വെളിപ്പെടുത്തി. സ്വർണ്ണക്കടത്തുകാർക്കും പോലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണെന്നും പരാതിനൽകിയിട്ടും ഭരണകക്ഷിക്കോ പോലീസിനോ അനക്കമില്ലെന്നും രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കള്ളനാക്കിയപ്പോഴാണെന്നും പി വി അൻവർ പറഞ്ഞു.
പുഷ്പനെ അനുസ്മരിച്ച് സംസാരിച്ച് തുടങ്ങിയ അൻവർ തന്റേത് മതേതര പാരമ്പര്യമാണെന്നും തന്നെ മുസ്ലിം വർഗീയ വാദിയാക്കാൻ ശ്രമം നടക്കുന്നുവെന്നും അൻവർ പറഞ്ഞു. മതവിശ്വാസിയായാൽ വർഗീയ വാദിയാകില്ല. എന്റെ പേര് അൻവർ എന്നായതാണോ പലരുടെയും പ്രശ്നം. ഞാൻ മുസ്ലീം ആയതും അഞ്ച് നേരം നിസ്കരിക്കുന്നയാളാണെന്ന് പറഞ്ഞതും പ്രശ്നമാണ്. സർക്കാർ പരിപാടികളിൽ പ്രാർത്ഥന ഒഴിവാക്കണം. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണം. ഫാസിസം കടന്നു വരുന്നത് മൊബൈൽ ഫോണിലൂടെയാണ്. പൊലീസിൽ പലരും ക്രിമിനൽ വത്ക്കരിക്കപ്പെട്ടിരിക്കുന്നു. കേരളം വെള്ളരിക്കാപട്ടണമായി മാറിയെന്നും അൻവർ ആരോപിച്ചു.
ALSO READ: ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കയ്യുംകാലും വെട്ടിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കും….
കേരളം നിലവിൽ സ്ഫോടകാസ്പദമായ അവസ്ഥയിലാണ്. പോലീസിലെ 25 ശതമാനം പേരും ക്രിമിനൽവൽക്കരിക്കപ്പെട്ടു. മുഖ്യമന്ത്രി സ്വർണ്ണക്കടത്തിൽ തന്നെ കുറ്റക്കാരനാക്കുക്കയാണ് ചെയ്തത്. കരിപ്പൂർ വഴി കഴിഞ്ഞ മൂന്ന് വർഷമായി സ്വർണ്ണക്കടത്ത് നടക്കുന്നുണ്ട്. സ്വർണ്ണക്കടത്തിൽ കസ്റ്റംസും പോലീസും തമ്മിൽ ഒത്തുകളിയുണ്ട്. സ്വർണ്ണക്കടത്തിന്റെ പേരിൽ കേരളത്തിൽ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വർണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വർണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം. ജനങ്ങൾക്കിടപെടാനുള്ള എല്ലാ വാതിലും കൊട്ടിയടച്ച ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും അൻവർ പറഞ്ഞു.
താന്‍ പാര്‍ട്ടിയുണ്ടാക്കുന്നില്ലെന്നും ജനം പാര്‍ട്ടിയായാല്‍ പിന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാലുവെട്ടിയാല്‍ വീല്‍ ചെയറില്‍ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നെ എംഎല്‍എ ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. രാപ്പകലില്ലാതെ അധ്വാനിച്ചവരാണവർ. ഞാന്‍ മറക്കില്ല ഇതൊന്നും. നിങ്ങള്‍ കാല് വെട്ടാന്‍ വന്നാലും ആ കാല് നിങ്ങള്‍ കൊണ്ടുപോയാലും ഞാന്‍ വീല്‍ ചെയറില്‍ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട, വെടിവെച്ചു കൊല്ലേണ്ടി വരും. അത് പറ്റുമെങ്കില്‍ ചെയ്യ്. അല്ലെങ്കില്‍ ജയിലിലില്‍ അടക്കേണ്ടി വരും. ഞാന്‍ ഏതായാലും ഒരുങ്ങി നില്‍ക്കുകയാണെന്നും മുഖ്യമന്ത്രിയേയും പാർട്ടിയേയും വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
മാമി കേസ് എന്തൊകൊണ്ടാണ് തെളിയാത്തതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. മാമി കൊലപാതകത്തിൽ അജിത് കുമാർ നേരിട്ട് ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയും. മാമിയുമായി ഇടപാട് ഉള്ളവരെയെല്ലാം സ്വകാര്യമായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. ഇതൊന്നും പോലീസ് അറിയുന്നില്ല. വിളിച്ചുവരുത്തിയവരെ അന്വേഷണ ഉദ്യോഗസ്ഥൻ വിരട്ടുകയാണ്. മാനക്കേട് ഭയന്ന് എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നാണ് ഇവർ പറയുന്നത്. അതിനായി ലക്ഷങ്ങൾ വരെ കൊടുത്തവരുണ്ട്. ഈ വിഷയത്തിൽ ഞാൻ ഇടപെട്ടപ്പോഴാണ് അതിന് അവസാനം ഉണ്ടായത്. മാമിയുടെ കാര്യം എന്തായെന്ന് നാളെ കോഴിക്കോട് വിശദീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.