Queenie Hallegua : കൊച്ചിയിലെ അവസാന ജൂതവനിതയും ഓർമ്മയായി; കൊച്ചിയിൽ ജൂതവംശജനായി ഇനി ഒരേയൊരാൾ
Queenie Hallegua Dies : കൊച്ചിയിലെ അവസാന ജൂതവനിതക ക്വീനി ഹല്ലെഗ്വ അന്തരിച്ചു. 89 വയസായിരുന്നു. ക്വീനിയുടെ മരണത്തോടെ കൊച്ചിയിൽ അവശേഷിക്കുന്നത് ഒരേയൊരു ജൂതനാണ്.

Queenie Hallegua Dies (Image Courtesy - Social Media)
കൊച്ചിയിലെ അവസാന ജൂതവനിതയും അന്തരിച്ചു. മട്ടാഞ്ചേരിക്കാരിയായ ക്വീനി ഹല്ലെഗ്വയാണ് തൻ്റെ 89ആം വയസിൽ മരണപ്പെട്ടത്. ക്വീനിയുടെ ഭർത്താവ് സാമുവൽ എച്ച് ഹല്ലെഗ്വ നേരത്തെ മരണപ്പെട്ടിരുന്നു. ഞായറാഴ്ച വൈകിട്ട് ജൂതക്കല്ലറയിൽ ക്വീനിയുടെ അന്ത്യകർമ്മങ്ങൾ നടന്നു. ഫിയോന ഹല്ലെഗ്വ, ഡേവിഡ് ഹല്ലെഗ്വ എന്നിവരാണ് മക്കൾ. ഇവർ രണ്ട് പേരും അമേരിക്കയിലാണ് താമസം.
ക്വീനിയുടെ മരണത്തോടെ കൊച്ചിയിൽ അവശേഷിക്കുന്ന ജൂതരുടെ എണ്ണം ഒന്നായി മാറി. ക്വീനിയുടെ 65 വയസുകാരനായ സഹോദരീപുത്രൻ കീത്ത് ഹല്ലെഗ്വ മാത്രമാണ് ഇനി കൊച്ചിയിൽ അവശേഷിക്കുന്നത്.
2012 മുതൽ 2018 വരെ പരദേശി സിനഗോഗിൻ്റെ വാർഡനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ക്വീനി. 2011 വരെ എസ് കോഡെർ പ്രൈവറ്റ് ലിമിറ്റഡിലെ മാനേജിംഗ് പാർട്ണർ ആയിരുന്നു. കൊച്ചിയിലെ ജൂത സമുദായത്തിലെ ഉന്നതനായ ഒരു അംഗമായിരുന്ന എസ് കോഡെറിൻ്റെ മകളാണ് ക്വീനി. കേരളത്തിലെ ആദ്യ വൈദ്യുതി വിതരണ കമ്പനിയായ കൊച്ചിൻ ഇലക്ട്രിക് കമ്പനി നടത്തിയിരുന്ന കോഡെർ പിന്നീട് ഇത് സർക്കാരിന് വിറ്റു. ഫോർട്ട് കൊച്ചിയിൽ നിന്ന് എറണാകുളത്തേക്ക് ആദ്യ ഫെറി സർവീസ് നടത്തിയതും കൊച്ചിയിൽ വൈദ്യുതി എത്തിച്ചതും ഇദ്ദേഹമാണ്. സമ്പന്നരായിരുന്ന ഈ കുടുംബത്തിൻ്റെ ഫോർട്ട് കൊച്ചിയിലെ വീട് ഉപ്പോൾ ഹോട്ടലാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ഇറാഖിൽ നിന്ന് കൊച്ചിയിലെത്തിയവരാണ് കോഡെറുകൾ.
ചേർത്തലയിലെ ഏറ്റവും വലിയ ഭൂപ്രഭുവായിരുന്ന ക്വീനിയുടെ ഭർത്താവ് സാമുവൽ ഹല്ലെഗ്വ 2009ൽ മരിച്ചു. സാമുവലിൻ്റെ മരണം വരെ ദമ്പതിമാർ എല്ലാ വർഷവും അമേരിക്കയും ഇസ്രയേലും സന്ദർശിച്ചിരുന്നു. സാമുവലിൻ്റെ കല്ലറയ്ക്കരികിൽ അടക്കം ചെയ്യണമെന്നായിരുന്നു ക്വീനിയുടെ ആഗ്രഹം.