Rahul Gandhi Wayanad Visit: ഉജ്ജ്വല വിജയത്തിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; രാജി പ്രഖ്യാപിക്കുമോ?
Rahul Gandhi Wayanad Visit: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതിനാൽ വയനാട് ഒഴിയുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Rahul Gandhi visiting Wayanad Lok Sabha constituency today. (Image credits: PTI)
കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഉജ്ജ്വല വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതിനാൽ വയനാട് ഒഴിയുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനാൽ രാഹുലിൻ്റെ വയനാട് സന്ദർശനം രാജി പ്രഖ്യാപനത്തിൻ്റെ ഭാഗമാണോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
രാവിലെ ഒമ്പത് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ അദ്ദേഹമെത്തും. രാവിലെ പത്തരയോടെ മലപ്പുറം ജില്ലയിലെ എടവണ്ണയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലാണ് രാഹുലിൻ്റെ ആദ്യ പരിപാടി. വയനാട് രണ്ടിടങ്ങളിലായാണ് രാഹുലിന് ഇന്ന് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് രണ്ടുമണിക്ക് വയനാട് പുതിയ ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനമുണ്ടാകും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാൽ പിന്നീട് പിന്മാറുകയായിരുന്നു.
ALSO READ: രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും? അന്തിമ തീരുമാനം?
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം പരിപാടികളിൽ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് വിജയത്തിൻ്റെ ഭാഗമായി ഇന്നലെയാണ് രാഹുലിൻറെ നന്ദിപ്രകാശന യാത്ര ആരംഭിച്ചത്. റായ്ബറേലിയടക്കം കോൺഗ്രസിന് വലിയ വിജയം ഉണ്ടായ സാഹചര്യത്തിലാണ് വോട്ടർമാരെ കണ്ട് നന്ദി പറയാനായി രാഹുൽ നേരിട്ടെത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കന്മാരും രാഹുൽ ഗാന്ധിയുടെ ഒപ്പം ഉണ്ടാകും.
അതേസമയം ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ സിഡബ്ല്യുസി രാഹുൽ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.