Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ഉടന്‍? ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെന്ന് കെപിസിസി
Rahul Mamkootathil controversy: ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. താനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഉടന്‍ രാജിവയ്ക്കുമെന്ന് സൂചന. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. താനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഉചിതമായ തീരുമാനം തക്ക സമയത്ത് ഉണ്ടാകും. അങ്ങനെ തീരുമാനമുണ്ടായാല്‍ ഔദ്യോഗികമായി അറിയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുല്‍ രാജിവയ്ക്കുമെന്ന സൂചനയാണ് കെപിസിസി പ്രസിഡന്റിന്റെ വാക്കുകളിലുള്ളത്.
അഭ്യൂഹങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ രാജി വയ്ക്കണമെന്ന വനിതാ നേതാക്കളുടെ നിലപാടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും, എല്ലാ അഭിപ്രായവും പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
എല്ലാ നേതാക്കന്മാരുടെയും അഭിപ്രായങ്ങള്‍ പരിശോധിക്കും. ഉചിതമായ തീരുമാനമെടുക്കും. ആലോചന പൂര്‍ത്തിയായി തീരുമാനമെടുത്താല്‍ അത് മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പല തവണ ആവര്‍ത്തിച്ചു. കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
എങ്കിലും, രാഹുലിന്റെ രാജിക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തീരുമാനമായെന്ന സൂചനയാണ് കെപിസിസി പ്രസിഡന്റ് നല്‍കുന്നത്. ഇന്ന് വൈകിട്ട് രാഹുല്‍ രാജി വയ്ക്കുമെന്നാണ് അനൗദ്യോഗിക വിവരം. രാഹുല്‍ രാജിവയ്ക്കണമെന്ന ഉറച്ച നിലപാടിലാണ് വി.ഡി. സതീശന്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാന നിലപാടിലാണ്. ഷാനിമോള്‍ ഉസ്മാന്‍, ഉമ തോമസ് എംഎല്‍എ തുടങ്ങിയ വനിതാ നേതാക്കള്‍ രാഹുല്‍ രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ഭൂരിപക്ഷം പേരും രാഹുല്‍ രാജിവയ്ക്കണമെന്ന നിലപാടിലാണ്. ഷാഫി പറമ്പില്‍ എംപി മാത്രമാണ് രാഹുലിന് പ്രതിരോധം ഉയര്‍ത്തുന്നത്.