Dr P Sarin: ‘കേരളത്തില്‍ കാണാതായ യുവതികളെക്കുറിച്ച് അന്വേഷിക്കണം, ഇത് മാഫിയയാണ്’
Dr P Sarin about Missing cases: ഒരു യുവതിയോട് ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിക്കുന്നതെന്ന പേരില്‍ പ്രമുഖ ദൃശ്യമാധ്യമം പുറത്തുവിട്ട ഓഡിയോ പങ്കുവച്ചുകൊണ്ടാണ് സരിന്‍ കാണാതായ യുവതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്
പാലക്കാട്: കേരളത്തില്‍ കാണാതായ യുവതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡോ. പി. സരിന്‍. ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ യുവതികളെക്കുറിച്ചും അന്വേഷിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സരിന്‍ ആവശ്യപ്പെട്ടു. ഒരു യുവതിയോട് ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിക്കുന്നതെന്ന പേരില്‍ പ്രമുഖ ദൃശ്യമാധ്യമം പുറത്തുവിട്ട ഓഡിയോ പങ്കുവച്ചുകൊണ്ടാണ് സരിന്‍ കാണാതായ യുവതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് വലിയ ഒരു മാഫിയ ആണെന്നും, ചിലപ്പോള്‍ കൊന്നിട്ടുണ്ടാകാമെന്നും സരിന്‍ ആരോപിച്ചു.
രാഹുലിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പേരില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച സരിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. പിന്നീട് പാലക്കാട്ടെ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.
അതേസമയം, രാഹുലിന് കുരുക്ക് മുറുകയാണ്. എംഎല്‍എ യുവതിയോട് സംസാരിക്കുന്നതെന്ന പേരില്‍ നിരവധി ഓഡിയോകളാണ് ഇതിനകം പുറത്തുവന്നത്. ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പറഞ്ഞെങ്കിലും അവസാന നിമിഷം വാര്‍ത്താസമ്മേളനം ഒഴിവാക്കി. ഇന്ന് വൈകുന്നേരം നാലരയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാമെന്നായിരുന്നു രാഹുല്‍ അറിയിച്ചിരുന്നത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ രാഹുലിന്റെ അടൂരിലെ വീട്ടിലെത്തിയെങ്കിലും അവസാന നിമിഷം വാര്‍ത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു. നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതെന്നാണ് സൂചന.




യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണ് രാഹുല്‍. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നത് ആലോചനയിലേ ഇല്ലെന്ന് രാഹുല്‍ പറയുന്നു.
രാഹുലിനെതിരായ ആരോപണങ്ങളില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊലീസിനോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. രാഹുലിന്റെ രാജിക്കായി എല്‍ഡിഎഫും, ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്. രാഹുല്‍ രാജി വയ്ക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും.