Rahul Mamkootathil: ഒടുവിൽ ജയിലിലേക്ക്…; രാഹുൽ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Rahul Mamkootathil MLA Remanded: മാവേലിക്കര സബ് ജയിലിലേക്കാകും രാഹുലിനെ മാറ്റുക എന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം ഉച്ചയോടെ രാഹുലിനെ മജിസ്‌ട്രേട്ടിന് മുൻപാകെ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാൻഡ് ചെയ്തത്.
പത്തനതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ (Rahul Mamkootathil remanded) പതിനാലുദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി. മാവേലിക്കര സബ് ജയിലിലേക്കാകും രാഹുലിനെ മാറ്റുക എന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം ഉച്ചയോടെ രാഹുലിനെ മജിസ്‌ട്രേട്ടിന് മുൻപാകെ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാൻഡ് ചെയ്തത്.
ഞായറാഴ്ച പുലർച്ചെയോടെ (ഇന്ന്) പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് രാഹുലിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. അതീവ രഹസ്യ നീക്കമായിരുന്നു. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ യുവതിയുടെ പുതിയ പരാതിയിലാണ് രാഹുലിനെതിരായ നടപടി. രാഹുലിനെതിരേ ഉയർന്ന മൂന്നാമത്തെ ബലാത്സംഗ പരാതിയാണിത്. മുമ്പ് നൽകിയ രണ്ട് പരാതികളിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
നിലവിലെ പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിങ് വഴി എഐജി ജി പൂങ്കുഴലിക്ക് മുൻപാകെയാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് 2024 ഏപ്രിൽ 24ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴിയിൽ പറയുന്നത്. ബലാത്സംഗവും ഗർഭഛിദ്രവും നടന്നതിൻ്റെ എല്ലാ തെളിവുകളെല്ലാം യുവതി അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വൈദ്യപരിശോധനക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ പുറത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഡിവൈഎഫ്‌ഐയുടെയും ബിജെപി-യുവമോർച്ചാ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ശക്തമായ പ്രതിഷേധം നടന്നത്. രാഹുലിനെ ജീപ്പിൽ നിന്ന് പുറത്തിറക്കിയപ്പോൾ കൂക്കിവിളിയും കരിങ്കൊടി പ്രതിഷേധവും നടന്നു. എന്നാൽ യുവതിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഗർഭച്ഛിദ്രത്തിന് ആരെയും നിർബന്ധിച്ചിട്ടില്ലെന്നുമാണ് രാഹുൽ അന്വേഷണസംഘത്തിന് നൽകിയ മൊഴി.