Amit Shah: പദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ച് അമിത് ഷാ, ആവശ്യപ്പെട്ടത് നേടിയെന്ന് രാജീവ് ചന്ദ്രശേഖർ
Amit Shah Visit Sree Padmanabhaswamy Temple: ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. വൈകുന്നേരം സംസ്ഥാനത്തെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ഒരു ദിവസത്തെ സന്ദർശനത്തിനായി തലസ്ഥാനത്ത് എത്തിയ അദ്ദേഹം ബിജെപി നേതാക്കൾക്കൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന ലക്ഷദീപം ചടങ്ങിനായി ക്ഷേത്രം ഒരുങ്ങുന്ന സമയത്താണ് അമിത് ഷായുടെ സന്ദർശനം.
ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. വൈകുന്നേരം സംസ്ഥാനത്തെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ പ്രതിനിധികളുമായും ബിജെപി സംസ്ഥാന ഓഫീസിൽ എൻഡിഎ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്നാണ് വിവരം.
അതേസമയം, മിഷൻ 2025ൽ അമിത് ഷാ ആവശ്യപ്പെട്ട കാര്യങ്ങൾ തങ്ങൾ നേടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ തങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും തലസ്ഥാനം പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്നിവയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. വിശ്വാസ സംരക്ഷണത്തിന് എൽഡിഎഫിന് താൽപര്യം ഇല്ല. സുരക്ഷിത കേരളം നമ്മുടെ അവകാശമാണ്. അതിന് ബിജെപിക്കെ സാധിക്കൂ.
നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് സ്ഥാനമില്ല. ഒരു വശത്ത് ബിജെപിയും മറുവശത്ത് മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും ഉൾകൊള്ളുന്ന യുഡിഎഫുമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നിമയസഭയിലും വിജയം നേടുമെന്നാണ് അവർ കരുതുന്നത്. എന്നാൽ അഴിമതി അല്ലാതെ വേറൊന്നും അവർ ചെയ്തിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.