Kerala Rain Alert Update: ആശ്വസിക്കാന്‍ വകയില്ല: സംസ്ഥാനത്ത് മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rains Alert Update Today: അറബികടലിൽ കാലവർഷ കാറ്റ് ദുർബലമായെന്നും ഇതോടെ ശക്തമായ മഴയ്ക്കുള്ള സാധ്യതയില്ലെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബികടലിൽ കാലവർഷ കാറ്റ് ദുർബലമായെന്നും ഇതോടെ ശക്തമായ മഴയ്ക്കുള്ള സാധ്യതയില്ലെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇത് പ്രകാരം വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും മറ്റന്നാളും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Also Read:മഴ കുറഞ്ഞോ? സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; വരും മണിക്കൂറിലും മഴ മുന്നറിയിപ്പ്
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നാളെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പിനു പുറമെ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മണിമല (തോണ്ടറ സ്റ്റേഷൻ (വള്ളംകുളം) നദിയിൽ ഓറഞ്ച് അലർട്ടും. ആലപ്പുഴ ജില്ലയിൽ അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) നദിയിൽ മഞ്ഞ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദ്ദേശം നൽകി.