Guruvayur Temple: ഗുരുവായൂരിൽ സെപ്റ്റംബർ 8 ന് ബുക്ക് ചെയ്തിരിക്കുന്നത് മുന്നൂറിലധികം വിവാഹങ്ങൾ; ഈ ദിവസത്തെ പ്രത്യേകതയെന്ത്?
ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങളാണ്. എന്നാൽ ഇനിയും ഇത് ഉയരാനാണ് സാധ്യത. സെപ്റ്റംബർ 7 ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ വിവാഹങ്ങൾ ബുക്ക് ചെയ്യാം.
ഗുരുവായൂർ: ഗുരുവായൂർ അമ്പലനടയിൽ സെപ്റ്റംബർ 8ന് നടക്കാൻ പോകുന്നത് റെക്കോർഡ് വിവാഹങ്ങളാണ്. ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങളാണ്. എന്നാൽ ഇനിയും ഇത് ഉയരാനാണ് സാധ്യത. സെപ്റ്റംബർ 7 ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ വിവാഹങ്ങൾ ബുക്ക് ചെയ്യാം. ഇതുവരെയുള്ള റെക്കോർഡ് 227 വിവാഹങ്ങളായിരുന്നു. 2017 ഓഗസ്റ്റ് 27 ഞായറാഴ്ചയായിരുന്നു മുമ്പ് ഗുരുവായൂരിൽ ഏറ്റവുമധികം വിവാഹം നടന്നിട്ടുള്ളത്. ഇതോടെ സോഷ്യൽ മീഡിയ ആകെ സെപ്തംബർ 8ന് എന്താ ഇത്ര പ്രത്യേകത എന്ന തരത്തിലുള്ള ട്രോൾ വീഡിയോകൾ പുറത്തിറങ്ങി. എന്നാൽ പൊതുവെ സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരിൽ വിവാഹങ്ങളുടെ എണ്ണം കൂടുതലായിരിക്കും. ചിങ്ങമാസത്തിൽ ഏറ്റവുമധികം മുഹൂർത്തങ്ങളുള്ള അവധി ദിവസം ഏതാണോ ആ ദിവസം ഇത്തരത്തിൽ വിവഹം പതിവാണ്.
ഹിന്ദുമത വിശ്വാസം മലയാള മാസമായ ചിങ്ങമാസത്തിന് പ്രാധാന്യം കൂടുതലാണ്. ശുഭ കാര്യങ്ങൾ നടത്താൻ മികച്ച സമയമായി ചിങ്ങമാസത്തെ കാണാറുണ്ട്. അത് കൊണ്ട് തന്നെ ഗുരൂവായൂരിൽ മാത്രമല്ല എല്ലായിടത്തും വിവാഹമാണ് ഈ ദിവസം. ഇത് കൂടാതെ ഓണത്തിനു മുൻപുള്ള ഞായറാണ് സെപ്റ്റംബർ 8 കൂടാതെ അവധി ദിനം കൂടിയാണ്. സെപ്റ്റംബർ 8 ചിങ്ങത്തിലെ ചോതി നാളാണ്. ഈ നാൾ വിവാഹത്തിനു ഉത്തമമാണ്. ഇതും വിവാഹത്തിന്റെ എണ്ണം കൂടാൻ കാരണമാകുന്നു.
സെപ്തംബർ എട്ടിനുള്ള മറ്റൊരു വിശേഷം അത് ശുക്ലപക്ഷ പഞ്ചമിയാണ് എന്നതാകുന്നു. സെപ്തംബർ 7ന് വൈകീട്ട് 05:37ന് തുടങ്ങുന്ന ഈ തിഥി അവസാനിക്കുന്നത് സെപ്തംബർ 8ന് 07:58നാണ്. ലക്ഷ്മീപ്രസാദമുള്ള ദിവസം കൂടിയാണിത്. ശുക്ലപക്ഷത്തിലെ അഞ്ചാം തിഥി അഥവാ ശുക്ലപക്ഷ പഞ്ചമി വിവാഹത്തിന് എത്രയും ഉത്തമമാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ഒരു സ്ഥലമാണ് ഗുരുവായൂർ. കഴിഞ്ഞ വർഷം ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രിയും പകലും വിവാഹം നടത്താൻ അനുമതി നൽകിയിരുന്നു. ഇതിനായി പ്രത്യേക മണ്ഡപം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. നിലവില്‍ വൈകീട്ട് 4.30 മുതല്‍ 8മണിവരെയാണ് ഗുരുവായൂരില്‍ നട തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഈ സമയവും വിവാഹങ്ങള്‍ നടക്കുമെന്നാണ് വിലയിരുത്തല്‍.
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ ദീര്‍ഘകാല ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ ദാമ്പത്യ ജീവിതത്തിലൂടെ നീളം ഗുരുവായൂരപ്പന്റെ കടാക്ഷവും ലഭിക്കും. വിവാഹം കഴിഞ്ഞ ഉടനെ ദമ്പതികൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല. അതിനാൽ വിവാഹത്തിന് മുൻപ് തൊഴുത് അനുഗ്രഹം തേടിയിട്ടാണ് വധൂവരന്മാർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള വിവാഹമണ്ഡപത്തിൽ പ്രവേശിക്കുക.