Heavy Rain Alert: കനത്ത മഴ; നാളെ ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, രാത്രി യാത്ര നിരോധിച്ചു
Restrictions Imposed in Idukki: തൊഴിലുറപ്പ്,തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവയും നിർത്തിവെച്ചു. ജില്ലയിലെ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Heavy Rain
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ നാളെ (ബുധൻ) നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു. നാളെ വൈകിട്ട് ഏഴ് മണി മുതൽ വ്യാഴാഴ്ച രാവിലെ ആറ് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ തൊഴിലുറപ്പ്,തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവയും നിർത്തിവെച്ചു. ജില്ലയിലെ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ മിക്ക പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ജില്ലയിൽ റെഡ് അലർട്ടാണുള്ളത്. ഇതിന്റെ ഭാഗമായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഇടുക്കിക്ക് പുറമെ പാലക്കാട്, മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതാത് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read:കനത്ത മഴ; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അതേസമയം സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനു പുറമെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.