Sabarimala Gold Case: ശബരിമലയിലെ കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍
Sabarimala gold plating scam: ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷണം പോയ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഉടന്‍ അറസ്റ്റിലായേക്കും. പ്രത്യേക അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി. മുരാരി ബാബു രണ്ട് കേസുകളിലും അറസ്റ്റിലായിരുന്നു

Unnikrishnan Potty
തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷണം പോയ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) കോടതിയില്‍ അപേക്ഷ നല്‍കി. മറ്റൊരു പ്രതിയായ മുരാരി ബാബു രണ്ട് കേസുകളിലും അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയെയും, മുരാരി ബാബുവിനെയും ഒരുമിച്ച് ചോദ്യം ചെയ്തു. കട്ടിളപ്പാളി കേസില്‍ നവംബര്‍ മൂന്നിന് ഉണ്ണികൃഷ്ണനെ റാന്നി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായി. തുടര്‍ന്ന് ഇയാളെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധിയാണ് പൂര്‍ത്തിയായത്. ഉണ്ണികൃഷ്ണന് അപസ്മാരമുണ്ടെന്നും, ജയിലില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മെഡിക്കല്‍ പരിശോധനയ്ക്കുള്ള സൗകര്യങ്ങളുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ മാറ്റിയത്.
അതിനിടെ, അന്വേഷണത്തിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് എസ്‌ഐടി കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. ശബരിമലയിലെ മരാമത്ത് രേഖകള്‍ ഉള്‍പ്പെടെയാണ് ആവശ്യപ്പെടുന്നത്. രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും, ഇനി സാവകാശം അനുവദിക്കില്ലെന്നുമാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
ബോര്‍ഡ് നിയമിക്കും?
മേല്‍ശാന്തിക്കുള്ള സഹായികളെ നേരിട്ട് നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ആലോചന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മേല്‍ശാന്തിയുടെ സഹായികളെ ബോര്‍ഡ് നേരിട്ട് നിയമിക്കാന്‍ ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ചില അവതാരങ്ങളാണ് വഴിവച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. നിയമനത്തിന് പൊലീസ് വെരിഫിക്കേഷനടക്കം നിര്‍ബന്ധമാക്കാനാണ് നീക്കം.