Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Sabarimala Gold Scam Latest Update: ശബരിമല സ്വർണ്ണക്കൊള്ളയിൽ വിശദമായ ചോദ്യം ചെയ്യലിന് ഇരുവരെയും രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.

Sabarimala Gold Scam
തിരുവനന്തപുരം: റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതിസ്ഥാനത്തുള്ള ഉണ്ണികൃഷ്ണൻ പോറ്റിയേയും (unnikrishnan potty) മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ശബരിമല സ്വർണ്ണക്കൊള്ളയിൽ വിശദമായ ചോദ്യം ചെയ്യലിന് ഇരുവരെയും രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.
സ്വർണ്ണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് ഇരുവരെയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങുന്നത്. കട്ടിളപ്പാളി കേസിലും ദ്വാരപലക കേസിലും പ്രതിയാണ് മുരാരി ബാബു. താൻ ബോർഡിൻ്റെ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് മുരാരി ബാബു അവകാശപ്പെടുന്നത്. എന്നാൽ സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിലെ ഗൂഢാലോചനയിൽ മുരാരി ബാബുവിന് പങ്കുണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ.
ALSO READ: രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല
സമാന കേസിൽ മറ്റൊരു പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിലും കോടതി ഇന്നാണ് വിധി പറയുന്നത്. കൂടാതെ ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തി യുഡിഎഫ് എംപിമാർ ഇന്ന് പാർലമെൻ്റ് കവാടത്തിൽ ധർണ്ണ നടത്തും. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം.
എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും അതിനാൽ കേസ് തെളിയിക്കപ്പെടില്ലെന്നുമാണ് യുഡിഎഫ് എംപിമാരുടെ ആരോപണം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫ് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ കെസി വേണുഗോപാലും ഹൈബി ഈഡനും വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു.