Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
Kerala Weather Latest Update: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്ല. വരും ദിവസങ്ങളിലും സംസ്ഥാനത്തെ കാലാവസ്ഥ ഈ നിലയിൽ തന്നെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പൂർണമായും മാറിനിൽക്കുകയാണ്. ഇന്നും ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇന്നുമാത്രമല്ല, അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്ല. വരും ദിവസങ്ങളിലും സംസ്ഥാനത്തെ കാലാവസ്ഥ ഈ നിലയിൽ തന്നെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം തെളിഞ്ഞ ആകാശവും ചൂടുള്ള അന്തരീക്ഷവുമാണ് പകൽ സമയങ്ങളിൽ ലഭിക്കുന്നത്. അതേസമയം രാത്രി സമയങ്ങളിൽ മിക്ക സ്ഥലങ്ങളിലും നല്ല തണുപ്പും അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച് മലയോര മേഖലകളിൽ. ഡിസംബർ ആദ്യ വാരത്തിൽ മാത്രമാണ് സംസ്ഥാനത്ത് മഴ ലഭിച്ചത്. പിന്നീട് അങ്ങോട് പൂർണമായും പിൻവാങ്ങുകയായിരുന്നു.
ALSO READ: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
ശബരിമല കാലാവസ്ഥ
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഡിസംബർ 16 വരെ അനുകൂല കാലാവസ്ഥയാണ് ഈ പ്രദേശങ്ങളിൽ. എന്നാൽ രാത്രി സമയങ്ങളിൽ ശക്തമായ തണുപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അയ്യപ്പ ഭക്തർ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. പ്രത്യേകിച്ച് കുട്ടികളുമായി മലകയറുന്നവർ. തണുപ്പിനെ അതിജീവിക്കാനുള്ള ആവശ്യമായ വസ്തുക്കൾ സ്വയം കരുതേണ്ടതാണ്.
മലയോര മേഖലയായതിനാൽ രാത്രിയിലും പുലർച്ചയും റോഡിലും കാനന പാതയിലും മഞ്ഞു മൂടാനുള്ള സാധ്യത ഏറെയാണ്. അതിനാൽ വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞുമൂടിയ സ്ഥലങ്ങളിൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ ദൃശ്യമാകാത്തത് അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
കൊടു തണുപ്പിൽ കേരളം
കേരളത്തിൻ്റെ മലയോരമേഖലകളിൽ പതിവിലും കൂടുതൽ തണുപ്പാണ് അനുഭവപ്പെടുന്നത്. ജനുവരി പാതി വരെ ഈ സാഹചര്യം നിലനിൽക്കാനാണ് സാധ്യത കൂടുതൽ. വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിലും വയനാട്ടിലും താപനില കുറഞ്ഞുതുടങ്ങി. കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിലെ കിഴക്കൻ മേഖലയിലും ഇടനാട്ടിലും ഉത്തരേന്ത്യൻ മേഖലയിലെ തണുപ്പ് സ്വാധീനം ഉണ്ടാക്കുമെന്നാണ് പ്രവചനം.