Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള; സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Sabarimala Gold Scam Updates: തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസുവിനായുള്ള കസ്റ്റഡി അപേക്ഷ ഉടന്‍ സമര്‍പ്പിക്കും. സുധീഷ് കുമാറിന്റെ മൊഴിയാണ് വാസുവിനെ കുരുക്കിയത്.
പത്തനംതിട്ട: ശബരിമല സ്വർക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിമാന്റിലുള്ള മുരാരി ബാബു നല്‍കിയ ജാമ്യ അപേക്ഷയും റാന്നി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. 2019ല്‍ ദേവസ്വം പ്രസിഡന്റായിരുന്ന സിപിഐഎം നേതാവ് എ പത്മകുമാറിനെയും പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്തേക്കും.
അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസുവിനായുള്ള കസ്റ്റഡി അപേക്ഷ ഉടന്‍ സമര്‍പ്പിക്കും. കമ്മീഷണറായിരുന്ന കാലയളവിൽ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
സുധീഷ് കുമാറിന്റെ മൊഴിയാണ് വാസുവിനെ കുരുക്കിയത്. കേസിൽ മൂന്നാം പ്രതിയായ വാസു നിലവിൽ കൊട്ടാരക്കര ജയിലിലാണ്. സ്വർണം പൂശലുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറുടെ കൈവശം ബാക്കി സ്വർണം ഉണ്ടെന്നറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ആരോപണം.
ALSO READ: ‘ഒന്നും ഓര്‍മയില്ല’! കുറ്റം തെളിഞ്ഞെന്ന് എസ്ഐടി; എൻ. വാസുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
എസ്‌ഐടി നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളാണ് വാസുവിനെതിരെയുള്ളത്. രേഖകളില്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ എന്നത് ചെമ്പ് പാളികള്‍ എന്നാക്കി നവീകരണത്തിന് ശുപാർശ നല്‍കി, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ഇടപെടല്‍ നടത്തി, പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി തുടങ്ങിയ പരാമർശങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. കൂടാതെ ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്നും അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു.