Sabarimala: ശബരിമല തീർത്ഥാടനം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ നാളെ മുതൽ
Sabarimala KSRTC Special Service: ശബരിമല തീർത്ഥാടനകാലം പ്രമാണിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ അയ്യപ്പഭക്തർക്കായി പമ്പയിലേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസ് നാളെ (നവംബർ 19) മുതൽ ആരംഭിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനലിൽ നിന്ന് രാത്രി 9.30-ന് പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശബരിമല തീർത്ഥാടനകാലം പ്രമാണിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ അയ്യപ്പഭക്തർക്കായി പമ്പയിലേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസ് നാളെ (നവംബർ 19) മുതൽ ആരംഭിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനലിൽ നിന്ന് രാത്രി 9.30-ന് പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ശബരിമലയിൽ എത്തി ദർശനം പൂർത്തിയാക്കി മടങ്ങുന്ന ഭക്തർക്കായി വൈകിട്ട് 7 മണിക്ക് പമ്പയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരികെ എത്തുന്ന സർവീസും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
തീർത്ഥാടകർക്ക് കെഎസ്ആർടിസിയുടെ ഔദ്യോഗിക ഓൺലൈൻ ബുക്കിംഗ് വെബ്സൈറ്റ് വഴി ഈ സ്പെഷ്യൽ സർവീസിനുള്ള ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. തീർത്ഥാടക സംഘങ്ങൾക്ക് ഗ്രൂപ്പായി ചാർട്ടേഡ് ബസുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും കെ.എസ്.ആർ.ടി.സി രുക്കിയിട്ടുണ്ട്. വിമാനമാർഗം കേരളത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് വിമാനത്താവളത്തിൽത്തന്നെ വിശ്രമിക്കാനുള്ള ഇടത്താവളവും സജ്ജമാക്കിയിട്ടുണ്ട്.
Also Read: ശബരിമലയിൽ തിരുപ്പതി മോഡൽ മെഗാ പ്രൊജക്റ്റ് നടപ്പിലാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരത്തിന് പുറമെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തീർത്ഥാടകർക്കായി ഇടത്താവളവും ക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്നും തിരിച്ചുമുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾക്കായുള്ള ബുക്കിംഗ് കൗണ്ടർ, ചാർട്ടേഡ് ബസ് ബുക്കിംഗ് സൗകര്യം, ഹെലികോപ്റ്റർ സർവീസ് ബുക്കിംഗ് കൗണ്ടർ എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ദേവസ്വം ഹെൽപ്പ് ഡെസ്‌ക്, പ്രസാദം കൂപ്പൺ കൗണ്ടർ, പ്രീപെയ്ഡ് ടാക്‌സി ബുക്കിംഗ്, വെജിറ്റേറിയൻ ഭക്ഷണശാല, വിശ്രമകേന്ദ്രം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
ഇതിന് പുറമെ കേരളത്തിലെ വിവിധ കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ അയ്യപ്പഭക്തർക്കായി വിരിപ്പന്തലുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭക്തർക്ക് സൗകര്യപ്രദമായി വിശ്രമിക്കുന്നതിനായി കസേരകൾ, ഫാനുകൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വിരിപ്പന്തലുകളിൽ ഉണ്ടാകും. കൂടാതെ, അയ്യപ്പഭക്തർക്ക് വിരി വയ്ക്കുന്നതിനും നാമജപത്തിനും വിളക്ക് തെളിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങളും കെഎസ്ആർടിസി സർവീസ് സമയ വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്ന് കെ.എസ്.ആർ.ടി.സി അറിയിക്കുന്നു. അതേ സമയം ശബരിമലയിലേക്കുള്ള ഭക്തജന പ്രവാഹം തുടരുകയാണ്. ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്ന് തിരക്ക് അൽപം കുറവാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. എന്നാൽ വരും ദിവസങ്ങളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഏകദേശം മുഴുവൻ പൂർത്തിയായിട്ടുണ്ട്. കുറച്ച് ദിവസങ്ങളിൽ മാത്രമേ ഇനി സ്ലോട്ട് ഒഴിവുള്ളൂ. സ്പോട്ട് ബുക്കിംഗിനുള്ള സൗകര്യം നിലയ്ക്കലിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.
English Summary
In view of the Sabarimala pilgrimage season, special KSRTC services for Ayyappa devotees will commence tomorrow (November 19) from the Thiruvananthapuram Airport to Pamba. These special KSRTC services are scheduled to depart for Pamba from the domestic terminal of the Thiruvananthapuram Airport at 9:30 PM.