Sabarimala: ശബരിമല സന്നിധാനത്ത് മകരവിളക്കുദിവസം സിനിമാ ഷൂട്ടിങ് നടന്നെന്നു പരാതി, അന്വേഷണത്തിനു നിർദ്ദേശം
Sannidhanam makaravilakk day movie shooting allegation: പരാതി ഔദ്യോഗികമായി കൈമാറിയതായി ബോർഡ് അറിയിച്ചെങ്കിലും, തങ്ങൾക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് എസ്.പി പറഞ്ഞു.

Sabarimala
കോട്ടയം: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നടന്നെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സംഭവം ഗൗരവകരമാണെന്ന് വിലയിരുത്തിയ ബോർഡ്, പരാതി വിശദമായ അന്വേഷണത്തിനായി വിജിലൻസിന് കൈമാറി.
അനുരഞ്ജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി സന്നിധാനത്ത് അനുമതി തേടിയിരുന്നതായി ദേവസ്വം ബോർഡ് വ്യക്തമാക്കി. എന്നാൽ സന്നിധാനത്ത് ഷൂട്ടിങ്ങിന് കോടതി വിലക്കുള്ളതിനാലും, മകരവിളക്ക് ദിവസത്തെ കനത്ത തിരക്കും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്തും ബോർഡ് അനുമതി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സന്നിധാനത്ത് ചിത്രീകരണം നടന്നെന്ന പരാതി ഉയർന്നത്.
അണിയറപ്രവർത്തകരുടെ വിശദീകരണം
സന്നിധാനത്ത് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് പോലീസിനെ അറിയിച്ച ശേഷം പമ്പയിൽ വെച്ചാണ് ഷൂട്ടിങ് നടത്തിയതെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ നൽകുന്ന വിശദീകരണം. എന്നാൽ പരാതി ഉയർന്ന സാഹചര്യത്തിൽ വസ്തുത പരിശോധിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
Also read – കേരള ഹൈക്കോടതി മുൻ ജഡ്ജി എസ്. സിരിജഗൻ അന്തരിച്ചു
പരാതി ഔദ്യോഗികമായി കൈമാറിയതായി ബോർഡ് അറിയിച്ചെങ്കിലും, തങ്ങൾക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് എസ്.പി പറഞ്ഞു. തപാൽ മുഖേനയോ ഓഫീസിലേക്കോ പരാതി എത്തിയിട്ടുണ്ടാകാമെന്നും അത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഴയ വിവാദങ്ങൾ
എൺപതുകളിൽ സന്നിധാനത്ത് ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ് നടന്നത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ റാന്നി കോടതിയിൽ കേസ് വരികയും തുടർന്ന് സന്നിധാനത്ത് സിനിമാ ചിത്രീകരണത്തിന് കർശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിലക്ക് നിലനിൽക്കെയാണ് പുതിയ പരാതി ഉയർന്നിരിക്കുന്നത്.