Sabarimala Spot booking: ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് മറ്റ് സംസ്ഥാനക്കാർക്ക് ഇരുട്ടടി; ആശങ്കയോടെ ദേവസ്വം
Sabarimala spot booking issue : ഒരു ദിവസം 80,000 ഭക്തർ എന്ന പരിധിനിശ്ചയിച്ചത് ട്രാവൽ ഏജൻസികൾക്കായി ബുക്കു ചെയ്താൽ സാധാരണ തീർഥാടകർക്ക് അവസരം കിട്ടാതെയുംവരും എന്ന ആശങ്കയുമുണ്ട്.

ശബരിമല ( Image - Sabarimala Devaswom facebook)
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പദർശനത്തിന് എത്തുന്ന മറ്റു സംസ്ഥാനങ്ങളിലെ തീർത്ഥാടകർക്ക് ആശ്വാസമായിരുന്നു സ്പോട്ട് ബുക്കിങ്. ഇത് സർക്കാർ നിർത്തിയതോടെ ആശങ്കയിലാണ് ദേവസ്വം അധികൃതർ. സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് തിരിച്ചടിയാകും എന്നാണ് ദേവസ്വത്തിന്റെ അഭിപ്രായം.
സന്നിധാനത്ത് എത്തുന്നവരിൽ തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ എന്നാണ് വിലയിരുത്തൽ. ഇവരിൽ ഭൂരിഭാഗവും ഗ്രാമീണമേഖലയിൽനിന്നു വരുന്നവരാണ്. ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധമാണെന്നറിയാതെ എത്തുന്ന ഇവരിൽ പലരും ആശ്രയിക്കുന്നത് സ്പോട്ട് ബുക്കിങ്ങിനെ ആയിരിക്കും.
സാങ്കേതിക തടസ്സങ്ങളാൽ ബുക്കു ചെയ്യാൻ കഴിയാതെ എത്തുന്നവരാണ് മറ്റൊരു വിഭാഗം. ഇവർക്കും അനുഗ്രഹമായിരുന്നു സ്പോട്ട് ബുക്കിങ് സൗകര്യം. ഇതാണ് സർക്കാർ വേണ്ടെന്നു വെച്ചത്. കുമളി, ഏരുമേലി, മുണ്ടക്കയം, ആലുവ, ഏറ്റുമാനൂർ, ചെങ്ങന്നൂർ, പന്തളം, നിലയ്ക്കൽ, പമ്പ, കൊട്ടാരക്കര എന്നിവിടങ്ങളിൽ മുൻവർഷങ്ങളിൽ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഉണ്ടായിരുന്നു എന്നത് കഴിഞ്ഞ വർഷം എത്തിയ ചിലരെങ്കിലും ഓർത്തു വയ്ക്കും.
ALSO READ – ഹജ്ജിന് പോകാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഈ തീയതി മറക്കരുത്, അല്ലെങ്കില്‍ റദ്ദ് ചെയ്യപ്പെടും
ഇതില്ലാതെ വരുന്നത് ചുരുക്കം ചിലർക്കെങ്കിലും ബുദ്ധമൂട്ട് ഉണ്ടാക്കുമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം നിലയ്ക്കലിൽ പത്തും പമ്പയിൽ അഞ്ചും കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം ഒറ്റയടിക്കാണ് വേണ്ടെന്നു വെച്ചത്.
തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഷ്ട്രീയപ്പാർട്ടികളും ദേവസ്വം ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.
ഇതിൽ ഒരു ദിവസം 80,000 ഭക്തർ എന്ന പരിധിനിശ്ചയിച്ചത് ട്രാവൽ ഏജൻസികൾക്കായി ബുക്കു ചെയ്താൽ സാധാരണ തീർഥാടകർക്ക് അവസരം കിട്ടാതെയുംവരും എന്ന ആശങ്കയുമുണ്ട്.
സന്നിധാനത്ത് എത്തുന്നവരുടെ കണക്കും വിവരവും സുരക്ഷയ്ക്ക് ആവശ്യമാണെന്നും തിരുപ്പതി ക്ഷേത്രമാതൃകയിൽ ശബരിമലയിലെ ദർശനം ക്രമീകരിക്കണമെന്നുമുള്ള ലക്ഷ്യത്തോടെയാണ് ദേവസ്വംബോർഡിന്റെ പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത് എന്നാണ് വിവരം.
എന്നാൽ, മാസപൂജയ്ക്ക് അഞ്ചുദിവസം വീതവും മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് രണ്ടുമാസത്തോളവും തുറക്കുന്ന ശബരിമലയെ എന്നും ദർശനമുള്ള തിരുപ്പതിയുമായി താരതമ്യം ചെയ്യാനാവില്ല എന്ന വാദവും അതിനിടെ ഉയരുന്നുണ്ട്.