Senior Lawyer Attacked Junior: ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; പ്രതി അഡ്വ. ബെയ്ലിൻ ദാസ് പിടിയിൽ
Senior Advocate Bailin Das Taken into Custody: ഒളിവിൽ പോയ അഭിഭാഷകനെ തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്ന് പോലീസ് പിടികൂടിയതായാണ് വിവരം. തുമ്പ പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ അഡ്വ. ബെയ്ലിൻ ദാസ് പിടിയിൽ. ഒളിവിൽ പോയ അഭിഭാഷകനെ തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്ന് പോലീസ് പിടികൂടിയതായാണ് വിവരം. തുമ്പ പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിക്കായി പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളികും ഉൾപ്പടെ പോലീസ് തിരച്ചിൽ നടത്തിയിരുന്നു.
വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്ലിൻ മർദിച്ചുവെന്നാണ് കേസ്. മോപ് സ്റ്റിക്ക് ഉപയോഗിച്ചാണ് ബെയ്ലിൻ ശ്യാമിലിയെ മർദിച്ചത്. മെയ് 13ന് വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിൽ ഉള്ള ഓഫീസിൽ വെച്ചായിരുന്നു സംഭവം നടന്നത്.
സംഭവത്തിൽ യുവതി പരാതി നൽകിയതിന് പിന്നാലെ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷനിൽ നിന്ന് താത്കാലികമായി പുറത്താക്കിയിരുന്നു. ക്രൂര മർദനത്തിനിരയായ ജെ വി ശ്യാമിലിയുടെ പരാതിയുടെ അടിസ്ഥാത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് കോടതി പരിഗണിക്കാനിരിക്കെ ആണ് ബെയ്ലിൻ ദാസ് പോലീസ് പിടിയിലായത്.
ALSO READ: കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറം കാളികാവിൽ
ജൂനിയർ അഭിഭാഷകയായ പാറശാല കരുമാനൂർ കോട്ടവിള പുതുവൽ പുത്തൻവീട്ടിൽ ശ്യാമിലിയെ (26) മർദിച്ച ശേഷം ബെയ്ലിൻ ദാസ് ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മുഖത്ത് പരുക്കേറ്റെന്ന് പറഞ്ഞാണ് വലിയതുറ കോസ്റ്റൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ബെയ്ലിൻ ചികിത്സ തേടിയത്. ഇത് ശ്യാമിലിക്കെതിരെ കൗണ്ടർ കേസ് എടുപ്പിക്കാനുള്ള അഭിഭാഷകന്റെ തന്ത്രപരമായ നീക്കം ആയിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ.