Kerala Bus Strike: സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്; തീയതി ഉടൻ പ്രഖ്യാപിക്കും
Kerala Private Bus Operators Federation Indefinite Strike: ദീർഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ബസ് പെർമിറ്റ് യഥാസമയം പുതുക്കി നൽകണം, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം.
തിരുവനന്തപുരം: സ്വകാര്യ ബസുകൾ അനിശ്ചിതകല സമരത്തിലേക്ക്. ദീർഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ബസ് പെർമിറ്റ് യഥാസമയം പുതുക്കി നൽകണം, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികളാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
പ്രതിഷേധ സമരങ്ങൾ നടത്തിയിട്ട് പോലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിലുള്ള സമരവുമായാണ് മുന്നോട്ട് പോയത്. എന്നാൽ, പൊതുഗതാഗതത്തെ തകർക്കുന്ന തരത്തിലുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. അതുകൊണ്ടാണ് ബസ് സർവീസുകൾ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിന് തങ്ങൾ നിർബന്ധിതരായതെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ബസ് സമരത്തിന്റെ തീയതി അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. മറ്റ് ബസ് ഉടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും സംയുക്തമായി ചർച്ചകൾ നടത്തിയതിന് ശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക.
ALSO READ: വീട്ടിൽ കിടന്ന വാഹനത്തിന് ടോൾ; ശ്രദ്ധിച്ചില്ലെങ്കിൽ പണം പോകും, പരാതി നൽകാം
വീട്ടിൽ കിടന്ന വാഹനത്തിനും ഫാസ്റ്റാഗ് ഈടാക്കിയെന്ന് പരാതി
വടക്കഞ്ചേരി – മണ്ണൂത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രം വഴി കടന്നു പോകാത്തപ്പോഴും ഫാസ്റ്റാഗ് ഈടാക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയരുന്നു. കഴിഞ്ഞ ദിവസം, വീട്ടിൽ നിൽക്കുന്ന വാഹനത്തിനാണ് പന്നിയങ്കര ടോൾ കേന്ദ്രത്തിലൂടെ കടന്നു പോയതായി കാണിച്ച് 55 രൂപ ഫാസ്റ്റാഗിൽ നിന്ന് പിടിച്ചത്. മൊബൈലിൽ സന്ദേശം വന്നപ്പോഴാണ് തരൂർ ഗ്രാമപഞ്ചായത്തംഗമായ യൂസഫ് വിവരം അറിയുന്നത്.
തുടർന്ന് പന്നിയങ്കര ടോൾ കേന്ദ്രത്തിൽ എത്തി വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പണം തിരികെ നൽകാമെന്ന് കരാർ കമ്പനി അറിയിച്ചു. ഇത്തരത്തിൽ മണ്ണൂർ സ്വദേശി ഫൈസൽ, അമ്പാട്ടുപറമ്പ് സ്വദേശി നൗഷാദ്, തോണിപ്പാടം സ്വദേശി ബദറുദ്ദീൻ എന്നിവർക്കും വാഹനം ടോൾ കേന്ദ്രത്തിലൂടെ പോകാത്ത സമയങ്ങളിലും ഫാസ്റ്റാഗ് ഈടാക്കി. മൊബൈലിൽ പണം ഈടാക്കിയതായി വരുന്ന മെസേജുകൾ പലരും ശ്രദ്ധിക്കാത്തത് കൊണ്ട് ഇക്കാര്യം അറിയാതെ പോകുന്ന സാഹചര്യവും ഉണ്ട്. എന്നാൽ, പരാതി അറിയിക്കുമ്പോൾ മാത്രം ആണ് പണം തിരികെ ലഭിക്കുക.