Shoranur – Nilambur Memu: ഷൊർണൂർ-നിലമ്പൂർ രാത്രികാല മെമു നാളെ മുതൽ, സർവീസ് ഇങ്ങനെ..
Shoranur - Nilambur Memu: മെമുവിന്റെ സമയത്തിൽ മാറ്റം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. നിലവിലെ സമയം വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കു പ്രയാസമാകും.

പ്രതീകാത്മക ചിത്രം
നിലമ്പൂർ: ഷൊർണൂർ – നിലമ്പൂർ രാത്രികാല മെമു സർവീസ് നാളെ (ശനി) മുതൽ ആരംഭിക്കും. എറണാകുളം, തൃശ്ശൂർ മേഖലയിൽ നിന്ന് രാത്രി നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് പുതിയ സർവീസ് ആശ്വാസകരമാകും. എക്സിക്യുട്ടീവ് എക്സ്പ്രസിനെ ആശ്രയിക്കാതെ ഇനി മെമുവിൽ പോകാവുന്നതാണ്.
ആദ്യ സർവീസ് നാളെ രാത്രി 8.35ന് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടും. എല്ലാ ദിവസവും രാത്രി 8.35-ന് ഷൊർണൂരിൽനിന്ന് പുറപ്പെടും. 10.05-ന് നിലമ്പൂരിൽ. പുലർച്ചെ 3.40-ന് നിലമ്പൂരിൽനിന്ന് പുറപ്പെടും. 4.55-ന് ഷൊർണൂരിൽ, ഇപ്രകാരമാണ് സർവീസ് സമയം.
അതേസമയം മെമുവിന്റെ സമയത്തിൽ മാറ്റം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. നിലവിലെ സമയം വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കു പ്രയാസമാകും. ഷൊർണൂരിൽ നിന്നുള്ള പുറപ്പെടൽ 9.15 ആക്കിയാൽ വന്ദേഭാരത്, ആലപ്പുഴ, കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസ്, തിരുവനന്തപുരം മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് എന്നിവയ്ക്കും കണക്‌ഷൻ ഉറപ്പിക്കാമെന്നാണ് പറയുന്നത്.
ട്രെയിന്‍ ക്രോസിങ് സ്‌റ്റേഷനായ അങ്ങാടിപ്പുറത്ത് എത്തിയ ശേഷം മാത്രമെ അടുത്ത ട്രെയിന്‍ എടുക്കാന്‍ കഴിയൂ എന്നതിനാല്‍ രാത്രി 8.15ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്.
കൂടാതെ, പുതിയ മെമുവിന് തൊടികപുലം, തുവ്വൂർ, വാടാനാംകുറുശ്ശി എന്നിവിടങ്ങളിൽക്കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ശക്തമാണ്. തിരിച്ച് നിലമ്പൂർ-ഷൊർണൂർ ഷൊർണൂർ മെമുവിന് അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമായി സ്റ്റോപ്പ് ചുരുക്കിയതിലും പ്രതിഷേധമുണ്ട്.