Sidharth Prabhu: സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് ചികിത്സയിലായിരുന്ന ലോട്ടറി വില്‍പനക്കാരന്‍ മരിച്ചു; നടനെ അറസ്റ്റു ചെയ്യും
Lottery seller injured in Sidharth Prabhu car incident dies: സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി തങ്കരാജ് ആണ് മരിച്ചത്. നാട്ടകം കോളേജ് കവലയില്‍ ഡിസംബര്‍ 24നാണ് കാറിടിച്ച് തങ്കരാജിന് പരിക്കേറ്റത്. മദ്യലഹരിയില്‍ അമിതവേഗതയിലാണ് കാറോടിച്ചിരുന്നത്

Sidharth Prabhu, Thankaraj
കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. നാട്ടകം കോളേജ് കവലയില്‍ ഡിസംബര്‍ 24നാണ് സിദ്ധാര്‍ത്ഥിന്റെ കാറിടിച്ച് തങ്കരാജിന് പരിക്കേറ്റത്. മദ്യലഹരിയില്‍ അമിതവേഗതയിലാണ് നടന്‍ കാറോടിച്ചിരുന്നത്. ലോട്ടറി വില്‍പനക്കാരനാണ് തങ്കരാജ്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
തങ്കരാജിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇതാണ് മരണകാരണം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാര്‍ത്ഥ് ഡ്രൈവ് ചെയ്ത കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് തങ്കരാജിനെ ഇടിച്ചിട്ടത്. അപകടത്തിന് ശേഷം നാട്ടുകാര്‍ സിദ്ധാര്‍ത്ഥിനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
അപകടമുണ്ടായതിന് പിന്നാലെ പൊലീസ് സിദ്ധാര്‍ത്ഥിനെ അറസ്റ്റു ചെയ്‌തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തങ്കരാജ് മരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി സിദ്ധാര്‍ത്ഥിനെ അറസ്റ്റു ചെയ്യും. അപകടശേഷം പൊലീസുമായും നാട്ടുകാരുമായും സിദ്ധാര്‍ത്ഥ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
തട്ടിയും മുട്ടിയും, ഉപ്പും മുളകും എന്നീ സീരിയലിലുകളിലൂടെ ശ്രദ്ധേയനാണ് സിദ്ധാര്‍ത്ഥ്. വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സിദ്ധാര്‍ത്ഥിനെ ഉപ്പും മുളകും സീരിയലില്‍ നിന്ന് പുറത്താക്കിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ല. ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു.