KPCC President: കെ.സുധാകരൻ തുടരില്ല; അഡ്വ. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്
Sunny Joseph Appointed as KPCC President: നിലവിലെ കെപിസിസി അധ്യക്ഷനായിരുന്ന കെ സുധാകരനെ പ്രവർത്തക സമിതി ക്ഷണിതാവാക്കി. അതേസമയം, അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായി നിയമിച്ചു.
ദില്ലി: വാദ പ്രതിവാദങ്ങൾക്കിടെ കെപിസിസി അധ്യക്ഷനായി പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫിനെ നിയമിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയാണ് പ്രഖ്യാപനം നടത്തിയത്. നിലവിലെ കെപിസിസി അധ്യക്ഷനായിരുന്ന കെ സുധാകരനെ പ്രവർത്തക സമിതി ക്ഷണിതാവാക്കി. അതേസമയം, അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായി നിയമിച്ചു.
നിലവിലെ വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി എൻ പ്രതാപൻ, ടി സിദ്ദിഖ് എന്നിവരെ മാറ്റി എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരെ പുതിയ വർക്കിംഗ് പ്രസിഡൻ്റുമാരായി നിയമിച്ചു. അതേസമയം, പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേര് കെപിസിസി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നു. എന്നാൽ, കെ സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി സുധാകരന്റെ അടുത്ത അനുയായിയായ സണ്ണി ജോസഫിനെ നിയമിക്കുകയായിരുന്നു.
2011 മുതൽ പേരാവൂർ എംഎൽഎയായി പ്രവർത്തിച്ചു വരുന്ന സണ്ണി ജോസഫ് നിലവിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാനാണ്. കേരളത്തിന്റെ ചുമതല ഉള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ്ദാസ് മുൻഷി നൽകിയ പുനഃസംഘടന റിപ്പോർട്ട് വിശദമായി ചർച്ച ചെയ്തതിന് പിന്നാലെയാണ് ഹൈക്കമാൻഡ് ഇപ്പോൾ നേതൃമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. യുവപ്രാതിനിധ്യം ഉറപ്പാക്കിയാണ് പുനഃസംഘടന.
ALSO READ: പാലക്കാട് കളക്ടറേറ്റിൽ വിജിലൻസ് പരിശോധന; മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പിടികൂടി
കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകൽച്ച സംഘടനാ സംവിധാനത്തെ ബാധിക്കുമെന്ന വിലയിരുത്തൽ ഹൈക്കമാൻഡിനുണ്ട്. കൂട്ടായ ചർച്ചയിലൂടെ പ്രധാന വിഷയങ്ങളിൽപ്പോലും പൊതുനിലപാട് സ്വീകരിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റിനെ മാറ്റിയത്.
അതേസമയം, കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ആശയവിനിമയത്തിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് പ്രസിഡൻ്റ് വേണമെന്ന അഭിപ്രായം പ്രധാനമായും ഉയർന്നിരുന്നു. എ.കെ. ആൻ്റണിയ്ക്കും ഉമ്മൻ ചാണ്ടിക്കും ശേഷം ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് മുൻനിര നേതാക്കളില്ലെന്നത് പോരായ്‌മയാണെന്നാണ് വിലയിരുത്തൽ.
എന്നാൽ, സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുമ്പോൾ ഈഴവ വിഭാഗത്തിൽ നിന്നുണ്ടാകാവുന്ന എതിർപ്പും കണക്കിലെടുത്തു. അതുകൊണ്ടാണ് ഈഴവ വിഭാഗത്തിൽനിന്ന് പരിഗണിക്കപ്പെട്ട അടൂർ പ്രകാശിന് യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് നിയമിച്ചത്.