സിനിമാ തിയേറ്ററുകളില്‍ മിന്നല്‍ പരിശോധന:26 കേസുകൾ, 62,000 രൂപ പിഴ ചുമത്തി
Surprise Inspections in Kerala Cinema Theaters: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സിനിമ തിയറ്ററുകളില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നടത്തിയ സംയുക്ത മിന്നല്‍ പരിശോധനയില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞമാസം നടന്ന പരിശോധനയുടെ രണ്ടാംഘട്ടമായാണ് വീണ്ടും പരിശോധന നടത്തിയത്. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് ആകെ പിഴയായി 62,000 രൂപയാണ് ചുമത്തിയത്.
കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സിനിമ തിയറ്ററുകളില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നടത്തിയ സംയുക്ത മിന്നല്‍ പരിശോധനയില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞമാസം നടന്ന പരിശോധനയുടെ രണ്ടാംഘട്ടമായാണ് വീണ്ടും പരിശോധന നടത്തിയത്. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് ആകെ പിഴയായി 62,000 രൂപയാണ് ചുമത്തിയത്. അഞ്ച് സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
സിനിമാ തിയറ്ററുകളില്‍ എത്തുന്നവർക്ക് ആവശ്യമായ കുടിവെള്ളം ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും വിലവിവരം പ്രദര്‍ശിപ്പിക്കാറില്ലെന്നുമുള്ള പരാതിയെ തുടര്‍ന്നാണു മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന നടത്തിയത്. എല്ലാ മാസവും ഇത്തരത്തിൽ സംയുക്ത പരിശോധന തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. കോഴിക്കോട് രാമനാട്ടുകരയിലെ തിയേറ്ററുകളിലെ പരിശോധനയില്‍ പാക്കറ്റുകളില്‍ നിര്‍മ്മാതാവിന്റെ പേരുവിവരം രേഖപ്പെടുത്താത്തതിനു നോട്ടീസ് നല്‍കിയപ്പോൾ ചെറുവണ്ണൂര്‍ ഫറോക്കിലെ തിയേറ്ററില്‍ 60 ഗ്രാം പോപ്‌കോണില്‍ 7.5 ഗ്രാം തൂക്കം കുറച്ചു വില്‍പ്പന നടത്തിയതിനാണ് കേസ്.
Also Read: ലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി.എം.എ. വിൽപ്പന, പെരിന്തൽമണ്ണയിൽ വിദ്യാർത്ഥിനിയും സുഹൃത്തും പിടിയിൽ
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിൽ നടന്ന പിരശോധയിൽ 65 ഗ്രാം എന്നു രേഖപ്പെടുത്തി വില്‍പ്പന നടത്തിയ പോപ്‌കോണ്‍ തൂക്കം 52 ഗ്രാം മാത്രമുള്ളതിനാല്‍ കേസെടുത്ത് 10,000 രൂപ പിഴയിട്ടു. കണ്ണൂരിലെ തന്നെ ചെറുപുഴയിലെ തിയേറ്ററിൽ 60 ഗ്രാം എന്ന് രേഖപെടുത്തിയ പോപ്‌കോണ്‍ തൂക്കം 42 ഗ്രാം മാത്രമുള്ളതിനാല്‍ 5,000 രൂപ പിഴ ചുമത്തി. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന തിയേറ്ററുകളിൽ നടന്ന പരിശോധനയിൽ 55 ഗ്രാം പോപ്‌കോണിനു 48.6 ഗ്രാമായിരുന്നു തൂക്കം. 40 ഗ്രാം പോപ്‌കോണിനു 34.8 ഗ്രാമും. തൂക്കത്തില്‍ കുറവുവരുത്തി വില്‍പ്പന നടത്തിയതിനു കേസെടുത്തു 5000 രൂപ പിഴ ഇടുകയും ചെയ്തു.
എറണാകുളം ജില്ലയിലെ പ്രധാന നഗരങ്ങളായ ആലുവ, അങ്കമാലി, നോര്‍ത്ത് പറവൂര്‍, അയ്യമ്പിള്ളി, ഞാറക്കല്‍ എന്നീ മേഖലകളിലുള്ള എട്ട് തിയേറ്ററുകളിലാണു വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തിയത്. 30 രൂപക്ക് 210 എം.എല്‍. ചായ നല്‍കേണ്ടിടത്തു 130 എം.എല്‍. ചായയാണ് നല്‍കിയത്, 120 രൂപയുടെ പോപ്‌കോണ്‍ 50 ഗ്രാം നല്‍കേണ്ടതിനു 16 ഗ്രാമും 150 രൂപയുടെ ചീസ് പോപ്‌കോണ്‍ 80 ഗ്രാം നല്‍കേണ്ടിടത്തു 70 ഗ്രാമും കുറച്ചാണു നല്‍കിയത് തുടങ്ങിയ നിയമ ലംഘനങ്ങളാണ് ഇവിടുത്തെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, അമ്പലപ്പുഴ എന്നിവിടങ്ങളിലെ നാലിടത്ത് നടത്തിയ പരിശോധനയില്‍ മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിനു കേസെടുത്തു. കൊല്ലം ജില്ലയിലെ ചിന്നക്കട, കടപ്പാക്കട എന്നീ സ്ഥലങ്ങളിലെ വിവിധ തിയേറ്ററുകളിലായിരുന്നു പരിശോധന.
English Summary
Twenty-six cases were registered following joint surprise inspections conducted by the Legal Metrology, Food Safety, and Civil Supplies departments at cinema theatres across various districts of the state. This inspection was the second phase of the drive initiated last month. A total fine of 62,000 was imposed for the violations detected.