Shahbaz Murder Case: പരീക്ഷാഫലം തടഞ്ഞുവെയ്ക്കാൻ എന്തധികാരം?; ഷഹബാസ് കൊലക്കേസിൽ പ്രതികളുടെ ഫലം തടഞ്ഞതിനെ വിമർശിച്ച് ഹൈക്കോടതി
Thamarassery Shahbaz Murder Case: ഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം ഉണ്ടായിട്ടും എന്തിനാണ് തടഞ്ഞുവച്ചതെന്നും ഹൈക്കോടതി ചോദിച്ചു. നാല് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണെന്നും കോടതി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കുമെന്നും കോടതി പറഞ്ഞു.

Shahbaz Murder Case
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ 4 വിദ്യാർത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞതിനെ വിമർശിച്ച് ഹൈക്കോടതി. വിദ്യാർത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാൻ സർക്കാരിന് എന്തധികാരമാണുള്ളത്? കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം ഉണ്ടായിട്ടും എന്തിനാണ് തടഞ്ഞുവച്ചതെന്നും ഹൈക്കോടതി ചോദിച്ചു. നാല് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണെന്നും കോടതി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കുമെന്നും കോടതി പറഞ്ഞു. സർക്കാർ യോഗം കൂടി തീരുമാനമെടുക്കാൻ എന്താണ് താമസമെന്നും ഹൈക്കോടതി ചോദിച്ചു.
സംഭവത്തിന് പിന്നാലെ ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തിയത്. എന്നാൽ അന്ന് കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. പിന്നീട് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി വെള്ളിമാട്ക്കുന്നിലെ ജുവനൈൽ ഹോമിൽ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ സജ്ജമാക്കുകയായിരുന്നു.
കൊല്ലപ്പെട്ട ഷഹബാസിൻ്റെ പിതാവും കുറ്റാരോപിതരായ കുട്ടികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് ചൂണ്ടികാട്ടി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സർക്കാർ കുട്ടികളുടെ പരീക്ഷ ഫലം തടഞ്ഞുവച്ചത്. ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്‌നത്തെ തുടർന്നാണ് വിദ്യാർത്ഥികൾ സംഘർഷത്തിൽ എത്തിച്ചേർന്നത്. ഈ സംഘർഷം ഒടുവിൽ പതിനഞ്ചുകാരനായ ഷഹബാസിൻ്റെ കൊലപാതകത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.