Thrissur Firecracker Blast: തൃശൂർ വെടിക്കെട്ട് സ്ഫോടന കാരണം കനത്ത ചൂടല്ലെന്ന് പെസോ, ഇത്തവണ പൂരമുണ്ടോ എന്ന് നാളെ അറിയാം
പരിക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും. വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കും. നേരത്തെ പ്രഖ്യാപിച്ചിരുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന് പകരമാണ് ഇപ്പോൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ), ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവർ സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തെ സ്പെഷ്യൽ ട്രാജഡ് അധവാ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാനും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അന്വേഷണത്തിന് നേതൃത്വം നൽകും.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകും. ഇതിൽ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമാണ് അനുവദിക്കുക. ചികിത്സയിലുള്ളവർക്ക് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ വീതം നൽകും.
പരിക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും. വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കും. നേരത്തെ പ്രഖ്യാപിച്ചിരുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന് പകരമാണ് ഇപ്പോൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ), ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവർ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. ദുരന്തസ്ഥലത്തുനിന്ന് ഇന്നും രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി പ്രത്യേക ഡിഎൻഎ പ്രൊട്ടോക്കോൾ പുറപ്പെടുവിക്കാനും മന്ത്രിസഭ നിർദ്ദേശം നൽകി.
Also Read – വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം; സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
സ്ഫോടനത്തിൽ തകർന്ന കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ച വീടുകൾക്കും നഷ്ടപരിഹാരം നൽകും. ഇതിന്റെ ഭാഗമായി പ്രദേശത്തെ നാശനഷ്ടങ്ങൾ വിലയിരുത്താൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
തൃശൂർ പൂരം: തീരുമാനം നാളെ
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്ന കാര്യത്തിൽ സർക്കാർ നാളെ അന്തിമ തീരുമാനമെടുക്കും. ഹൈക്കോടതിയുടെ അനുമതിയോടെ മന്ത്രിമാരും ദേവസ്വം പ്രതിനിധികളും പങ്കെടുക്കുന്ന ഉന്നതതല യോഗം ചേരും. ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്നും ആചാരങ്ങളും സുരക്ഷയും പരിഗണിച്ച് എല്ലാവരുമായും ആലോചിക്കുമെന്നും മന്ത്രിമാരായ കെ. രാജൻ, വി.എൻ. വാസവൻ എന്നിവർ അറിയിച്ചു.
കേരളത്തെ നടുക്കിയ ചരിത്രപരമായ വെടിക്കെട്ട് ദുരന്തങ്ങൾ
കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണിത്. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ നടന്ന മത്സരവെടിക്കെട്ടിനിടെയുണ്ടായ സ്ഫോടനത്തിൽ 111 പേർ മരിക്കുകയും 350-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിക്കെട്ട് പുരയിലേക്ക് തീപ്പൊരി വീണതാണ് ദുരന്തത്തിന് കാരണമായത്. ഈ സംഭവത്തിന് ശേഷമാണ് വെടിക്കെട്ട് നിയന്ത്രണങ്ങൾ രാജ്യത്ത് കർശനമാക്കിയത്.
തൃശൂർ ജില്ലയിലെ തന്നെ മാലംകുളങ്ങര ക്ഷേത്രത്തിൽ 1990 – ൽ വെടിക്കെട്ടിനിടെയുണ്ടായ സ്ഫോടനത്തിൽ 26 പേർ മരിച്ചു. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണതാണ് മരണസംഖ്യ വർദ്ധിപ്പിച്ചത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ എറണാകുളം ജില്ലയിലെ പുതിയകാവിലും വെടിക്കെട്ട് അപകടം നടന്നിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന അപകടങ്ങൾ പരിശോധിച്ചാൽ 1984 ൽ തിരുവനന്തപുരം പള്ളിക്കൽ ഗണപതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. വെടിക്കെട്ട് നടക്കുന്നതിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് മരുന്ന് തെറിച്ചുവീണതാണ് ദുരന്തകാരണം.