Thrissur Newborn Murder: ‘ഈ വീട്ടില്‍ പ്രസവിച്ചെങ്കില്‍ ഞാനറിയും, ഗര്‍ഭിണിയാണെന്നും അറിഞ്ഞിരുന്നില്ല’; അനീഷയുടെ അമ്മ സുമതി
Thrissur Puthukkad Newborn Death Case: അനീഷയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നവെന്നും എന്നാൽ തനിക്ക് ഇഷ്ടമില്ലാത്തതിനാല്‍ മകൾ പ്രണയബന്ധത്തിൽ നിന്ന് മാറിയെന്നാണ് സുമതി പറയുന്നത്.

Thrissur Puthukkad Newborn Death Case
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികരിച്ച് അനീഷയുടെ മാതാവ് സുമതി. ഈ വീട്ടില്‍ പ്രസവിച്ചെങ്കില്‍ താനറിയുമെന്നും ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും അമ്മ സുമതി മനോരമ ന്യൂസിനോട് പറഞ്ഞു. അനീഷയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നവെന്നും എന്നാൽ തനിക്ക് ഇഷ്ടമില്ലാത്തതിനാല്‍ മകൾ പ്രണയബന്ധത്തിൽ നിന്ന് മാറിയെന്നാണ് സുമതി പറയുന്നത്.
മകൾ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നെങ്കിലും ഭവിൻ ഫോൺ വിളിച്ച് ശല്യപ്പെടുത്തുമായിരുന്നുവെന്നും ഒരിക്കൽ തന്നെയും വിളിച്ചെന്നും എന്നാൽ താൻ ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്തുവെന്നാണ് യുവതിയുടെ അമ്മ പറയുന്നത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്തെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ലെന്നാണ് ഇവർ പറയുന്നത്. പിസിഒഡി കാരണം വണ്ണം വെക്കാറുണ്ടെന്നും മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നുമാണ് ഇവർ പറയുന്നത്. മകളെ കുടുക്കിയതായി സംശയിക്കുന്നുവെന്ന് അമ്മ പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അനീഷയുടെ ആൺ സുഹൃത്ത് കുട്ടികളുടെ അസ്ഥികളുമായി പുതുക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിയത്. രഹസ്യബന്ധത്തിലുണ്ടായ രണ്ടുകുഞ്ഞുങ്ങളെ പ്രസവിച്ചയുടന്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നും ഇയാൾ പോലീസിനോട് പറഞ്ഞത്. തുടർന്നാണ് വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ അനീഷയെ (22) പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നാലെ നടത്തിയ ചോദ്യംചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ആദ്യത്തെ കുട്ടി ജനിച്ചപ്പോള്‍ത്തന്നെ മരിച്ചിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു. രണ്ടാമത്തെ പ്രസവശേഷം കുഞ്ഞ് കരയാന്‍ തുടങ്ങിയപ്പോള്‍ മുഖത്ത് കൈയമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നെന്നും യുവതി പോലീസിൽ മൊഴി നൽകി. ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വിവരങ്ങള്‍ പോലീസിനെ അറിയിക്കുന്നതിലേയ്ക്ക് ഭവിൻ എത്തിയതെന്ന് പോലീസ് പറയുന്നു.
ഇരുവരും തമ്മിൽ 2020-ൽ ഫേസ്ബുക്കിലൂടെയായിരുന്നു പരിചയപ്പെട്ടത്. ഇതിനു ശേഷം 2021-ല്‍ ആണ് അനീഷയുടെ ആദ്യത്തെ പ്രസവം നടന്നത്. വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ചയുടൻ കുട്ടി മരിച്ചതോടെ വീടിനു സമീപത്ത് കുഴിച്ചിടുകയായിരുന്നു.2024-ല്‍ ആണ് രണ്ടാമത്തെ പ്രസവം നടന്നത്.