Transgender Protection Cell: പോലീസ് സ്റ്റേഷനുകളിൽ ‘ട്രാൻജൻഡർ സംരക്ഷണ സെൽ’ വരുന്നു; വനിതാ സെല്ലിനോട് ചേർന്ന് പ്രവർത്തിക്കും
Transgender Protection Cell to Be Introduced in Kerala: വനിതാ സെല്ലിനോട് ചേർന്നാകും ട്രാൻസ്‌ജെൻഡർ സംരക്ഷണ സെല്ലിന്റെ പ്രവർത്തനം. വനിതാ സെൽ ഇൻസ്‌പെക്ടർ അല്ലെങ്കിൽ സബ് ഇൻസ്പെക്ടർമാർക്കാകും മേൽനോട്ട ചുമതല.
കാസർഗോഡ്: ട്രാൻസ്ജെൻഡർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ട്രാൻസ്‌ജെൻഡർ സംരക്ഷണ സെൽ (ടിപിസി) വരുന്നു. ജില്ലാ പോലീസ് ഓഫീസുകളോട് ചേർന്ന് പ്രവർത്തിക്കുന്ന വനിതാ സെല്ലിനോട് ചേർന്നാകും ടിപിസിയുടെ പ്രവർത്തനം. വനിതാ സെൽ ഇൻസ്‌പെക്ടർ അല്ലെങ്കിൽ സബ് ഇൻസ്പെക്ടർമാർക്കാകും ട്രാൻസ്‌ജെൻഡർ സംരക്ഷണ സെല്ലിന്റെ മേൽനോട്ട ചുമതല.
സംസ്ഥാനതലത്തിൽ ഡിജിപിയുടെ കീഴിലും ജില്ലാതലത്തിൽ ജില്ലാ മജിസ്‌ട്രേറ്റിന് കീഴിലും ട്രാൻസ്‌ജെൻഡർ സംരക്ഷണ സെൽ ആരംഭിക്കണമെന്ന് കേന്ദ്ര മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ദുർബല വിഭാഗങ്ങളുടെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ക്രമസമാധാനപാലന വിഭാഗം, എഡിജിപിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന ഡബ്ള്യു.സി.ഡബ്ല്യൂ.എസ് സെല്ലിന് ട്രാൻസ്‌ജെൻഡർ സംരക്ഷണ സെല്ലിന്റെ ചുമതല കൂടി നൽകി.
ALSO READ: കാമുകിയുമായുള്ള ബന്ധം അംഗീകരിച്ചില്ല; സ്വർണം പണയം വെക്കാൻ നൽകിയില്ല: അഫാൻ പ്രകോപിതനായതിന് പിന്നിൽ
ട്രാൻസ്‌ജെൻഡർ വ്യക്തികൾ നൽകുന്ന പരാതികൾ പരിഗണിക്കുക, സമയബന്ധിതമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കുക എന്നിവയാണ് ട്രാൻസ്‌ജെൻഡർ സംരക്ഷണ സെല്ലിന്റെ ചുമതല. ഇതിന് തുടർച്ചയായാണ് ജില്ലാതല സെല്ലുകൾ കൂടി ആരംഭിക്കുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഈ സെല്ലിലെ അംഗങ്ങൾക്ക് ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ പോലീസ് സ്റ്റേഷനുകൾ, ലോക്കപ്പുകൾ എന്നിവ സന്ദർശിക്കാനും, രേഖകൾ പരിശോധിക്കാനും സാധിക്കും.
ക്രിമിനൽ സംഘങ്ങൾ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ജീവിത സാഹചര്യം ചൂഷണം ചെയ്യുന്നുവെന്ന് കാണിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ഇത് ഒഴിവാക്കുന്നതിന് വേണ്ടി അവർക്ക് കൗൺസലിംഗ് ഉൾപ്പടെ നൽകേണ്ടി വരും. നിലവിൽ വനിതാ സെല്ലുകളോട് ചേർന്നാണ് കൗൺസലിംഗ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത് എന്നുള്ളത് കൊണ്ടുതന്നെ ട്രാൻസ്‌ജെൻഡർ സെല്ലുകൾ വനിതാ സെല്ലുകളോട് ചേർന്ന് പ്രവർത്തിക്കുമ്പോൾ ഈ സൗകര്യവും പ്രയോജനപ്പെടുത്താൻ കഴിയും.