VD Satheesan: വക്കീലായിരുന്നപ്പോൾ 1.5 ലക്ഷം വരെ, എംഎൽഎ ശമ്പളം കണ്ട് കരഞ്ഞു പോയി- വിഡി സതീശൻ
ഞാൻ ഭയങ്കരമായി സങ്കടപ്പെട്ടിരുന്നു, ഇപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടൊക്കെ വരുമ്പോൾ പണ്ടത്തെ ആ വരുമാനമാണ് മനസ്സിൽ വരിക. ലോ പഠിച്ചതിൻ്റെയും വക്കീലായതിൻ്റെയും ഗുണം നിയമസഭാ സാമാജികൻ എന്ന നിലയിൽ എപ്പോഴുമുണ്ടായിട്ടുണ്ട്

മലപ്പുറം: താൻ വക്കീലായിരുന്നപ്പോൾ ലഭിച്ച വരുമാനം പിന്നെ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സ്കൂൾ പഠന കാലത്ത് സ്റ്റുഡൻ്റ് പൊളിടിക്സിൽ താത്പര്യമുണ്ടായിരുന്നെങ്കിലും ഇഷ്ടം വക്കീലാകാനായിരുന്നു. ആരാകണം എന്ന് അധ്യാപകര് ചോദിക്കുമ്പോൾ കണക്കിന് മുട്ട വാങ്ങുന്നവനും അക്കാലത്ത് എഞ്ചിനിയർ ആകണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഞാൻ പക്ഷെ വക്കീലായി, എംഎൽഎ, മന്ത്രി ആകണം എന്നൊരു ചിന്ത ഇല്ലായിരുന്നു. അപ്പോഴും 10 കൊല്ലം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത് പിന്നെ സുപ്രീംകോടതിയിൽ എത്തണം അങ്ങനെ കുറച്ച് പൈസയൊക്കെ ഉണ്ടാക്കണം എന്നൊക്കെയായിരുന്നു ചിന്ത.
അതങ്ങനെ പോയി ഒൻപത് കൊല്ലം ഞാൻ പ്രാക്ചീസ് ചെയ്തിരുന്നു. എൻ്റെ വരുമാനം അക്കാലത്ത് കൂടി കൂടി വരികയും 1.5 ലക്ഷം വരെയൊക്കെ എത്തുകയും ചെയ്തപ്പോഴാണ് ഇലക്ഷന് നിൽക്കുന്നത്. അങ്ങനെ എംഎൽഎ ആയി. പക്ഷെ എംഎൽഎയുടെ ശമ്പളം കണ്ടാണ് ശരിക്കും സങ്കടം വന്നത് 12000 രൂപയായിരുന്നു അന്നത്തെ എംഎൽഎ ശമ്പളം.
ഞാൻ ഭയങ്കരമായി സങ്കടപ്പെട്ടിരുന്നു, ഇപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടൊക്കെ വരുമ്പോൾ പണ്ടത്തെ ആ വരുമാനമാണ് മനസ്സിൽ വരിക. ലോ പഠിച്ചതിൻ്റെയും വക്കീലായതിൻ്റെയും ഗുണം നിയമസഭാ സാമാജികൻ എന്ന നിലയിൽ എപ്പോഴുമുണ്ടായിട്ടുണ്ട്- വിഡി സതീശൻ പറയുന്നു പെരിന്തൽമണ്ണയിലെ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പ്രതിപക്ഷ നേതാവിൻ്റെ ശമ്പളം
നിലവിൽ ചീഫ് വിപ്പ്, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവർക്കെല്ലാം 96000 രൂപയാണ് ശമ്പളം. അലവൻസ് ഒഴികെയുള്ള തുകയാണിത്. പ്രതിമാസം 1000 രൂപ അലവൻസ്, സർക്കാർ വാഹനം, സർക്കാർ വീട്/ ബംഗ്ലാവ്, ടെലഫോൺ അലവൻസ്, ജോലിക്കാർ എന്നിവയെല്ലാം പ്രതിപക്ഷ നേതാവിന് ലഭിക്കും. നിയമസഭ സാമാജികരുടെ ശമ്പളം വർധിപ്പിക്കുന്നത് സംബന്ധിച്ച് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻനായർ കമ്മീഷൻ ശമ്പള വർധനക്ക് ശുപാർശ നൽകിയിട്ടുണ്ട്. നിലവിൽ മന്ത്രിമാരുടെ അടക്കം ശമ്പളം 1.20 ലക്ഷത്തിലേക്ക് എത്തിക്കാനാണ് ശ്രമം. മന്ത്രിമാർക്ക് നിലവിൽ 70000 എന്നത് 1 ലക്ഷത്തിലേക്ക് എത്തിക്കണമെന്നും ശുപാർശയിലുണ്ട്.