Vegetable Price Hike: മീനിനും കോഴിയിറച്ചിക്കും പിന്നാലെ പച്ചക്കറിക്കും തീവില; മലയാളിയുടെ പോക്കറ്റ് കീറും
Vegetable Prices Skyrocket in Kerala :മത്സ്യത്തിന്റെ ഡിമാന്റ് കുറഞ്ഞതോടെയാണ് കോഴിവിലയും കൂടിയത്. കോഴിയിറച്ചിക്ക് കിലോയ്ക്ക് 160 രൂപയിലെത്തി. കഴിഞ്ഞ മാസം 80 രൂപയായിരുന്ന വിലയാണ് ഇപ്പോൾ ഒറ്റയടിക്ക് 160 രൂപയിലേക്ക് എത്തിയിരിക്കുന്നത്.

Vegetable Price Hike
തിരുവനന്തപുരം: സംസ്ഥാനത്ത് മീനിനും കോഴിയിറച്ചിക്കും പിന്നാലെ പച്ചക്കറിക്കും തീവില. കാലവർഷം വീണ്ടും ശക്തിപ്രാപിക്കുകയും ട്രോളിംഗ് നിരോധനം നിലവില്‍ വരികയും ചെയ്തതോടെ സംസ്ഥാനത്ത് മത്സ്യം ലഭിക്കുന്നതിന് കടുത്ത ക്ഷാമമാണ് ഉണ്ടായിരിക്കുന്നത്, ഇതോടെയാണ് മത്സ്യത്തിനും വില ഉയർന്നത്.
നേരത്തെ എത്തിയ കാലവര്‍ഷവും പിന്നാലെ കൊച്ചിയിലെ ചരക്ക് കപ്പല്‍ അപകടത്തിൽപ്പെട്ടതും കളളക്കടല്‍ പ്രതിഭാസവും മത്സ്യക്ഷാമത്തിനും വിലക്കൂടുതലിനും കാരണമായി. കപ്പലപകടമുണ്ടായതോടെ ജനങ്ങളിൽ അനാവശ്യഭീതി ഉയർന്നു. ഇതോടെ പലരും മത്സ്യം വാങ്ങുന്നത് നിർത്തി. മത്സ്യത്തിന്റെ ഡിമാന്റ് കുറഞ്ഞതോടെയാണ് കോഴിവിലയും കൂടിയത്. കോഴിയിറച്ചിക്ക് കിലോയ്ക്ക് 160 രൂപയിലെത്തി. കഴിഞ്ഞ മാസം 80 രൂപയായിരുന്ന വിലയാണ് ഇപ്പോൾ ഒറ്റയടിക്ക് 160 രൂപയിലേക്ക് എത്തിയിരിക്കുന്നത്.
മെയ് മാസം അവസാനത്തോടെ ശക്തമായ മഴയിലും കാറ്റിലും നാടന്‍ പച്ചക്കറികള്‍ക്കുണ്ടായ നാശവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതുമാണ് പച്ചക്കറി ക്ഷാമത്തിനും വിലവര്‍ദ്ധനയ്ക്കും കാരണമായത് എന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് മിക്ക പച്ചക്കറികള്‍ക്കും വില വർധിച്ചു. ചില ഇനങ്ങള്‍ക്ക് 5 മുതല്‍ 10 രൂപവരെ കിലോഗ്രാമിന് കൂടി.
പച്ചമുളകിനും പടവലത്തിനും ഇരട്ടിയിലധികം വിലയാണ് ഒറ്റയടിക്ക് കൂടിയത്. തേങ്ങയുള്‍പ്പെടെയുള്ള സാധനങ്ങൾക്കും വില ഉയർന്നു. ഇതോടെ മലയാളിയുടെ പോക്കറ്റ് കീറുമെന്ന് ഉറപ്പായി.
സംസ്ഥാനത്ത് വെളുത്തുള്ളി വില 160 ആയിട്ടുണ്ട് . എറണാകുളത്ത് മുരിങ്ങക്ക് 140 ആണെങ്കിൽ കണ്ണൂരില്‍ 78, കോഴിക്കോടും കാസർകോട് 80 എന്നിങ്ങനെയാണ് വില. കാരറ്റ്, ബീറ്റ്‌റൂട്ട്, പടവലം, വെണ്ട എന്നിവക്കെല്ലാം നേരിയ തോത്തിൽ വില വർധനവ് ഉണ്ടായിട്ടുണ്ട്. കണ്ണൂരും കാസർഗോഡ് സവാളയ്ക്ക് 25 രൂപയായപ്പോൾ എറണാകുളത്ത് 30 രൂപയാണ്. രണ്ടാഴ്ച മുൻപ് വരെ കിലോഗ്രാമിന് 20 മുതൽ 25 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളിയുടെ വില 30 രൂപയായി.