Venjaramoodu Murder Case: പൊറോട്ടയും ചിക്കനും വേണമെന്ന് അഫാന്‍; വാങ്ങി കൊടുത്ത് പൊലീസ്
Venjaramoodu Murder Accused Afan Offered Porotta and Chicken Curry: അഫാൻ പാങ്ങോട് സ്റ്റേഷനിൽ ഭക്ഷണം കഴിക്കുന്നതിന് വിമുഖത കാണിച്ചു. പോലീസ് കാര്യം തിരക്കിയപ്പോൾ താൻ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്നും അറിയിച്ചു.

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ കൊലപാതകം നടന്ന വീടുകളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പാങ്ങോട് സൽമാ ബീവിയുടെ വീട്ടിലും അഫാന്റെ വെഞ്ഞാറമൂട് പെരുമലയിലെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന ദിവസമായ ഫെബ്രുവരി 24ന് ശേഷം അഫാനെ ഇതാദ്യമായാണ് കുറ്റകൃത്യങ്ങൾ നടന്ന വീടുകളിൽ എത്തിച്ചത്.
അതിനിടെ, അഫാൻ പാങ്ങോട് സ്റ്റേഷനിൽ ഭക്ഷണം കഴിക്കുന്നതിന് വിമുഖത കാണിച്ചു. പോലീസ് കാര്യം തിരക്കിയപ്പോൾ താൻ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്നും അറിയിച്ചു. ഇതോടെ പോലീസ് അഫാന്റെ ഇഷ്ട ഭക്ഷണങ്ങൾ വാങ്ങി നൽകി. നേരത്തെ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മീൻ കറി വേണമെന്നും അഫാൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, രാത്രി കിടക്കുന്നതിന് വേണ്ടി പേപ്പറുകളും പോലീസ് നൽകിയിരുന്നു. വെറും തറയിൽ തനിക്ക് കിടക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് സെല്ലിൽ കിടക്കുന്നതിനുള്ള പായ പോലീസ് സംഘടിപ്പിച്ചു നൽകിയത്.
തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പോലീസ് അഫാനെ ജയിലിലേക്ക് മടക്കി അയയ്ക്കും. ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. അഫാന്റെ മാനസിക നില വിശദമായി പരിശോധിക്കും. അതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡിഎംഒയ്ക്ക് പോലീസ് ഉടൻ കത്ത് നൽകും. ഡോക്ടർമാരുടെ സംഘത്തെ രൂപീകരിച്ചു കഴിഞ്ഞാൽ കോടതിയിൽ ഇക്കാര്യം അറിയിച്ച് അഫാനെ വീണ്ടും പുറത്തിറക്കാൻ ആണ് പോലീസിന്റെ തീരുമാനം.